കോട്ടയം- 15 സെന്റിമീറ്റര്‍ നീളമുള്ള ബ്രഷ് വിഴുങ്ങിയ വീട്ടമ്മയുടെ വയറ്റില്‍നിന്ന് ബ്രഷ് പുറത്തെടുത്തു. ഇത്രയും വലിയ ബ്രഷ് എങ്ങനെ വിഴുങ്ങി എന്ന ഡോക്ടര്‍മാരുടെ അമ്പരപ്പ് ഇനിയും മാറിയില്ല. ബ്രഷ് വിഴുങ്ങിയ കാര്യം വീട്ടമ്മ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു.
വയറിനും തൊണ്ടയിലും അസ്വസ്ഥതയുമായെത്തിയ വീട്ടമ്മയെ പരിശോധിച്ചപ്പോഴാണ് വയറ്റില്‍ ബ്രഷ് കണ്ടത്. അഞ്ചു ദിവസം മുന്‍പ് പല്ലുതേക്കുന്നതിനിടെ തൊണ്ടയിലെ തടസം നീക്കുന്നതിന് ബ്രഷ് ഉപയോഗിച്ച് കുത്തിയപ്പോള്‍ വിഴുങ്ങിപ്പോയതാണത്രെ.
മുണ്ടക്കയം സ്വദേശിയായ 40 കാരി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തൊണ്ടയില്‍ മുറിവും പഴുപ്പും ഉണ്ടായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബ്രഷ് കണ്ടെത്തിയത്. ഡോ. എന്‍ പ്രേമലതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ ബ്രഷ് മുഴുവനായി പുറത്തെടുക്കുകയായിരുന്നു.