പനാജി: പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തീര്‍ത്തും അവശനാണെന്നും ഈശ്വര കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ജീവിക്കുന്നതെന്നും ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ പറഞ്ഞു.
പരീക്കര്‍ക്ക് എന്തെങ്കിലും സംഭവിക്കുകയോ, അല്ലെങ്കില്‍ അദ്ദേഹം സ്ഥാനം ഒഴിയുകയോ ചെയ്താല്‍ ഗോവ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെടുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ അസുഖം ചികിത്സിച്ചാല്‍ ഭേദമാകില്ല. അത് ജനം മനസ്സിലാക്കണം. പരീക്കര്‍ മുഖ്യമന്ത്രി കസേരയിലുള്ളിടത്തോളം പ്രതിസന്ധിയില്ല, പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രതിസന്ധിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമുള്ള ചികിത്സയ്ക്ക് ശേഷം ഗോവയില്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത പരീക്കറെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,കരസേന മേധാവി ബിപിന്‍ റാവത്ത് എന്നിവര്‍ പരീക്കറെ സന്ദര്‍ശിച്ചിരുന്നു.