പ്രകാശം- മറ്റൊരു ജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച 20-കാരിയായ കോളെജ് വിദ്യാര്‍ത്ഥിനിയെ സ്വന്തം പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലാണ് ദാരുണമായ ദുരഭിമാനക്കൊലപാതകം. 20-കാരിയായ വൈഷ്ണവിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ അയല്‍ക്കാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. അച്ഛന്‍ വെങ്ക റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവുമായുള്ള ബന്ധത്തെ ചൊല്ലി പെണ്‍കുട്ടിയും അച്ഛനും വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ വെങ്ക മകളുടെ കഴുത്ത് ഞെരിച്ചെന്നാണ് കരുതപ്പെടുന്നത്.
മകള്‍ സഹപാഠിയായ യുവാവുമൊത്ത് ഒളിച്ചോടാന്‍ പദ്ധതിയിടുന്നതായി അച്ഛന്‍ സംശയിച്ചിരുന്നു. ഇതാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ദുരൂഹ മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടത്തി, ഫോറന്‍സിക് സ്ഥിരീകരണം ലഭിച്ചാല്‍ ഇത് കൊലപതാക കേസാക്കി മാറ്റുമെന്നും പോലീസ് അറിയിച്ചു. താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതാണ് പെണ്‍കുട്ടിയുടെ അച്ഛനെ ചൊടിപ്പിച്ചത്. യുവാവിനെ കാണരുതെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും മകള്‍ അനുസരിക്കാത്തത് വെങ്കയുടെ അമര്‍ഷം വര്‍ധിപ്പിച്ചു. പെണ്‍കുട്ടി യുവാവിനെ വിവാഹം ചെയ്യുകയോ ഇരുവരും ഒളിച്ചോടുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.