Sorry, you need to enable JavaScript to visit this website.

സഭയിൽ നിറഞ്ഞാടി പ്രവാസികളും വി.എസിന്റെ മരം പെയ്ത്തും

തിരുവനന്തപുരം - മഹാകവി കുമാരനാശാൻ ഇക്കാലത്തായിരുന്നു ചിന്താവിഷ്ടയായ സീത എഴുതിയതെങ്കിൽ ഉറപ്പായും ദേഹത്ത് ചാണകവെള്ളം വീഴുമായിരുന്നുവെന്ന് പതിവ് പോലെ  ബജറ്റ് പൊതുചർച്ചക്ക് തുടക്കമിട്ട ഡെപ്യൂട്ടി സ്പീക്കർ  വി. ശശിക്ക് ഉറപ്പുണ്ട്. അത്രക്കാണ്  ഇക്കാലത്തിന്റെ അസഹിഷ്ണുത. ഇഷ്ടമില്ലാത്തത് പറയുന്നവരുടെ ദേഹത്ത് ചാണകവെള്ളം വീഴുന്നതൊക്കെ സർവ്വസാധാരണം.   ചർച്ചയിലെ  രണ്ടാം പ്രസംഗകനായ വി.എസ്. അച്യുതാനന്ദൻ ബജറ്റിനെ പാടി പുകഴ്ത്താനല്ല നിൽക്കുന്നതെന്നറിയിച്ചെങ്കിലും എതിർത്തൊന്നും പറഞ്ഞില്ല. യു.ഡി.എഫിന് ഭരണം ചക്കരക്കുടവും ബജറ്റ് വിൽപന ചരക്കുമായിരുന്നു.  ഇപ്പോൾ അതല്ല അവസ്ഥയെന്നതാണ് വി.എസിന്റെ ആശ്വാസം. പ്രകൃതി ചൂഷണത്തിന്റെ അനന്തരഫലം മനുഷ്യർ അനുഭവിച്ചു തുടങ്ങി എന്ന വി.എസിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ പഴയ പരിസ്ഥിതി പോരാട്ട വർഷകാലത്തിന്റെ  മരം പെയ്ത്ത് മാത്രം.   പ്രവാസി പ്രശ്‌നത്തിലെ ബജറ്റ് സമീപനമായിരുന്നു കോൺഗ്രസിലെ കെ.സി ജോസഫിന്റെ  മുഖ്യ ചർച്ചാ വിഷയം. എഴുപത്തി അയ്യായിരം പേർ പ്രവാസി ചിട്ടിയിൽ ചേരുമെന്നറിയിച്ചെങ്കിലും ആയിരത്തിലധികം പേരാണ് പണം മുടക്കിയത്. പ്രവാസ ലോകത്തെ സാമ്പത്തിക പ്രതിസന്ധിയാണിതിന് കാരണം. പ്രവാസി ചിട്ടി വഴി കിട്ടിയത് മൂന്നരക്കോടി. ചെലവ് അഞ്ച് കോടിയിലധികം! ഇങ്ങനെയാണോ പ്രവാസി ക്ഷേമം നടപ്പാക്കാൻ പോകുന്നതെന്ന് കോൺഗ്രസ് അംഗത്തിന്റെ ചോദ്യം.  മൃതദേഹം നാട്ടിലയക്കാനുള്ള ചെലവ് വഹിക്കുന്ന തീരുമാനം യു.ഡി.എഫ് നടപ്പാക്കിയതാണ്. അത് തന്നെയാണ് വീണ്ടും എടുത്ത് പറഞ്ഞിരിക്കുന്നത്. ഗൾഫ് പ്രതിസന്ധിയും പ്രവാസികളുടെ വരുമാന നഷ്ടവും തന്നെയായിരുന്നു ജനതാദളിലെ സി.കെ. നാണുവിന്റെയും വിഷയം. പൊതു ചർച്ചയിലെ മറ്റ് പ്രസംഗകരും പ്രവാസി പ്രശ്‌നങ്ങൾ പലമട്ടിൽ പരാമർശിച്ച് കടന്നുപോയി.  'പല മാന്യന്മാരും 'അവതരിപ്പിച്ച ബജറ്റുകൾ വെച്ചു നോക്കുമ്പോൾ ഡോ. തോമസ് ഐസക്കിന്റേത്  നല്ല ബജറ്റാണെന്ന് പി.സി. ജോർജിന്റെ പരാമർശത്തിലെ 'മാന്യൻ' പ്രയോഗത്തിന്റെ ഉന്നം വ്യക്തം. ജോർജിന്റെ ബജറ്റ് അഭിനന്ദനം കേട്ട് ഭരണ ബെഞ്ചിൽ കയ്യടി.
ഡോ.തോമസ് ഐസക്കിനെ പ്രത്യയശാസ്ത്ര വാദിയായ പാവം കമ്യൂണിസ്റ്റായാണ് മുസ്‌ലിം ലീഗിലെ മഞ്ഞളാംകുഴി അലി മനസ്സിലാക്കിയിരുന്നത്. പ്രളയ സെസ് പിരിക്കുന്ന മന്ത്രിയെ പക്ഷെ പഴയത് പോലെ കാണാൻ അലിക്കാവുന്നില്ല. പിടിച്ചുപറി ടാക്‌സ് നടപ്പാക്കുന്ന ഐസക്കിനിപ്പോൾ ഗബ്ബാർ സിംഗിന്റെ മുഖച്ഛായയാണ്. പേരിന് നായാട്ട് , വീട്ടിൽ മുരിങ്ങാക്കറി എന്നതാണ് സർക്കാരിന്റെ അവസ്ഥ. പ്രളയ ദുരിതം നേരിട്ടവരിൽനിന്ന് തന്നെ സെസ് പിരിക്കുന്നതിനെ ഒരുതരം ബ്ലഡ്മണി വാങ്ങലായാണ് അലി കാണുന്നത്.   ഗാന്ധി പ്രതിമയിൽ  പ്രതീകാത്മകമായി വെടിവെച്ച സംഘപരിവാറുകാർക്കെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചില്ലെന്നും പ്രതിഷേധമത്രയും നടത്തിയത് ഡി.വൈ.എഫ്.ഐ ആണെന്നുമുള്ള സി.പി.എമ്മിലെ വി. ജോയിയുടെ വാദം അംഗീകരിക്കാൻ കോൺഗ്രസിലെ വിൻസെന്റ് തയ്യാറായില്ല. കോൺഗ്രസ് ഈ വിഷയത്തിൽ നടത്തിയതും നടത്താനിരിക്കുന്നതുമായ പ്രതികരണത്തിന്റെ കാര്യം  വിൻസെന്റ് വിശദമായി  വിവരിച്ചു. മഹാകവി കുമാരനാശാനെയും ശ്രീ നാരായണ ഗുരുവിനെയുമെല്ലാം എന്നു മുതലാണ് സി.പി.എം അംഗീകരിച്ചതെന്ന് കോൺഗ്രസിലെ അടൂർ പ്രകാശിന്റെ ചോദ്യം. ആശാൻ നിങ്ങൾക്ക് ബൂർഷ്വാ കവിയായിരുന്നില്ലേ? രാജാവിൽനിന്ന് പട്ടും വളയും സ്വീകരിച്ച കവിയെ സാമ്രാജ്യത്വത്തിന്റെ ചെരിപ്പ് നക്കിയായി കണ്ടവരല്ലേ നിങ്ങൾ. ഇതൊക്കെയാണ് കമ്യുണിസ്റ്റ് കാപട്യം. ജീവിതാവസാനം വരെ  കമ്യൂണിസ്റ്റായിട്ടും സ്വന്തം ഭാര്യയെ ഭൗതികവാദിയാക്കാൻ കഴിയാത്തയാളല്ലേ ഇ.എം.എസ്? ഇതുതന്നെയല്ലേ മിക്ക കമ്യൂണിസ്റ്റുകാരുടെയും ദയനീയ അവസ്ഥ?  അകത്തൊന്നും പുറത്ത് മറ്റൊന്നും.  അടൂർ പ്രകാശിന്റെ വാക്കുകൾ കമ്യൂണിസ്റ്റ് പാർട്ടികളെ കടുത്ത രീതിയിൽ പ്രത്യയശാസ്ത്ര കടന്നാക്രമണം നടത്തുന്നതായി. സി.പി. ഐയിലെ ഇ.എസ് ബിജിമോൾക്ക് മന്ത്രി ഐസക്കിനെ എത്ര അഭിനന്ദിച്ചിട്ടും മതിയാകുന്നില്ല. ആപത്തിനെ അവസരമാക്കുന്നയാളായാണ് മന്ത്രിയെ ബിജിമോൾ നിരീക്ഷിച്ചെടുത്തത്.
വി.കെ.സി മമ്മദ് കോയ, പി.ജെ. ജോസഫ്, എ.എം. ആരിഫ്, കെ.എൻ. മാക്‌സി, വി.കെ. ഇബ്രാഹിം കുഞ്ഞ്,പി. ഉണ്ണി, എ.എൻ. ഷംസീർ  എന്നിവരും  ബജറ്റ് ചർച്ചയിൽ സംസാരിച്ചു.  ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്ന ചർച്ചക്കും വോട്ടെടുപ്പിനുമായി അപരാഹ്ന സമ്മേളനവുമുണ്ടായിരുന്നു. 
കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം  ഡോ. എം.കെ മുനീറിന്റെ അടിയന്തര പ്രമേയമായി വീണ്ടും സഭയിലെത്തി.  മുഖ്യമന്ത്രി പിണറായി വിജയന്റെ  വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. കരിപ്പൂർ വിമാനത്താവളം കൂടുതൽ അവഗണിക്കപ്പെടുന്നു എന്ന വാദം  സജീവമായി നിലനിർത്താൻ നിയമസഭ ഇടപെടൽ  പ്രതിപക്ഷത്തെ സഹായിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ അമിത താൽപര്യമെടുത്തു എന്ന കാര്യം പറയുന്നതിൽ മുഖ്യമന്ത്രിക്ക് അൽപ്പം പോലുമില്ല സങ്കോചം. 

 

Latest News