ജിദ്ദ- സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സമഗ്രമായി പുനഃപരിശോധിക്കുന്നതായി വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി. വ്യത്യസ്ത തൊഴിൽ, പ്രവർത്തന മേഖലകൾക്കു ബാധകമായ സൗദിവൽക്കരണ അനുപാതം പുനഃപരിശോധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സൗദിവൽക്കരണ അനുപാതം 50 ശതമാനമായി കുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഓരോ പ്രവർത്തന, തൊഴിൽ മേഖലകൾക്കും ബാധകമാക്കുന്ന പുതിയ സൗദിവൽക്കരണ അനുപാതത്തിൽ മാറ്റം വരുത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ മേഖലകളിലും സൗദിവൽക്കരണ അനുപാതത്തിൽ കുറവ് വരുത്താനാവില്ല. സ്വകാര്യ മേഖലയുമായി ഏകോപനം നടത്തിയാണ് അനുപാതം പുനഃപരിശോധിക്കുന്നത്.
മൊബൈൽ ഫോൺ കടകളിലും റെന്റ് എ കാർ സ്ഥാപനങ്ങളിലും മറ്റു ചില മേഖലകളിലും നൂറു ശതമാനം സൗദിവൽക്കരണമാണ് നിർബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിവൽക്കരണം നിർബന്ധമാക്കിയ പന്ത്രണ്ടു മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പാക്കേണ്ടത്. ഇതിലാണ് മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്ന പദ്ധതികൾക്കു തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്. സൗദി ജീവനക്കാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് 36 മാസം വരെയാണ് ധനസഹായം. സൗദി വനിതകളെയും ഭിന്നശേഷിക്കാരെയും ജോലിക്കു വെക്കുന്നതിന് അധിക സഹായം നൽകും.
സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരെ ഉടനടി നിതാഖാത്തിൽ ഉൾപ്പെടുത്തി സ്വദേശി ജീവനക്കാരെന്നോണം കണക്കാക്കുന്ന പദ്ധതിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആറു മാസം കാത്തിരിക്കേണ്ടിയിരുന്നു.