റിയാദ് - നിരവധി മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കിയതോടെ തൊഴിൽരഹിതരായി മാറിയ വിദേശികൾ സീസൺ വ്യാപാര മേഖലയിൽ സൗദികളുമായി മത്സരിക്കുന്നു. മുൻകാലങ്ങളിൽ പാവങ്ങളും തൊഴിൽരഹിതരുമായ സൗദികൾക്ക് താൽക്കാലിക വരുമാന മാർഗം കണ്ടെത്തുന്നതിനുള്ള പ്രധാന വഴികളിലൊന്നായിരുന്നു സീസൺ വ്യാപാരം. എന്നാൽ ഇപ്പോൾ സീസൺ വ്യാപാര മേഖലയിൽ വിദേശികളുടെ തള്ളിക്കയറ്റമാണെന്ന് സൗദി യുവാക്കൾ പറയുന്നു. തെരുവോരങ്ങളിലെ ചായ വിൽപന, പച്ചക്കറി വിൽപന, മരുഭൂ കിഴങ്ങ് (ഫിഖഅ്) വിൽപന, ശൈത്യകാല വസ്ത്ര വിൽപന, മൊബൈൽ റെസ്റ്റോറന്റുകൾ (ഫുഡ് ട്രക്ക്) എന്നീ മേഖലകളിലാണ് ഇത്തരം വിൽപനകൾ.
മൊബൈൽ ഫോൺ വിൽപന, റെന്റ് എ കാർ, സ്പെയർ പാർട്സ് വിൽപന അടക്കമുള്ള മേഖലകളിൽ വിലക്കേർപ്പെടുത്തിയത് മുമ്പ് സൗദികൾ കുത്തകയാക്കി വെച്ചിരുന്ന സീസൺ വ്യാപാര മേഖലകളിലേക്ക് തിരിയുന്നതിന് വിദേശികളെ പ്രേരിപ്പിച്ചതായി സൗദി യുവാക്കൾ പറയുന്നു. ശൈത്യകാല വ്യാപാരത്തിലൂടെ പ്രതിമാസം 11,000 റിയാൽ വരെ ലാഭം ലഭിക്കാറുണ്ടെന്ന് സൗദി യുവാക്കളിൽ ഒരാൾ പറഞ്ഞു. ചില സീസണുകളിൽ പ്രതിദിനം 1,500 റിയാൽ വരെ ലാഭം ലഭിക്കാറുണ്ട്. എന്നാൽ വിദേശികൾ ഈ രംഗത്ത് പ്രവേശിച്ചതോടെ ലാഭം കുറയുകയാണ്. വിറക്, മരുഭൂ കിഴങ്ങ്, വിറക് അടുപ്പിലും കനലിലുമുണ്ടാക്കുന്ന ചായ, ഇലക്ട്രോണിക് ഗെയിമുകൾ, മൊബൈൽ ഫോൺ ആക്സസറീസ്, ശൈത്യകാല വസ്ത്രങ്ങൾ എന്നിവയാണ് സീസൺ വ്യാപാരമായി സൗദി യുവാക്കൾ വിൽപന നടത്തുന്നത്.
സീസൺ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർ രണ്ടോ മൂന്നോ മാസം ഒരു ഉൽപന്നം വിൽപന നടത്തിയ ശേഷം മറ്റൊരു ഉൽപന്നത്തിലേക്കും വ്യാപാര മേഖലയിലേക്കും തിരിയുകയാണ് പതിവ്. ലൈസൻസുകൾ നേടാതെ റോഡുകളിലും പൊതുസ്ഥലങ്ങളിലുമാണ് സീസൺ വ്യാപാരം. ശൈത്യകാലത്ത് മരുഭൂ കിഴങ്ങ് വിൽപനയിലൂടെ മികച്ച ലാഭം ലഭിക്കാറുണ്ടെന്ന് സൗദി യുവാവ് അഹ്മദ് അബ്ദുൽമുഹ്സിൻ പറഞ്ഞു. ഹഫർ അൽബാത്തിൻ, സുൽഫി, ദവാദ്മി, അൽസ്വമാൻ അടക്കമുള്ള സ്ഥലങ്ങളാണ് മരുഭൂ കിഴങ്ങിന്റെ പ്രധാന കേന്ദ്രങ്ങൾ. തൂക്ക വ്യത്യാസത്തിന് അനുസരിച്ച് ഒരു പെട്ടി മരുഭൂ കിഴങ്ങിന് 1,500 റിയാൽ മുതൽ 7,000 റിയാൽ വരെയാണ് വില. ഒരു പെട്ടി മരുഭൂ കിഴങ്ങ് വിൽപന നടത്തിയാൽ ഇരട്ടി വരെ ലാഭം ലഭിക്കും. 500 റിയാലിന് വാങ്ങുന്ന ഒരു പെട്ടി മരുഭൂ കിഴങ്ങ് ആയിരം റിയാൽ മുതൽ നാലായിരം റിയാലിനു വരെ വിൽക്കാറുണ്ട്. ചിലയിനം മരുഭൂ കിഴങ്ങുകൾ അൾജീരിയയിൽനിന്നും ലിബിയയിൽനിന്നും മൊറോക്കൊയിൽനിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു പെട്ടി മരുഭൂ കിഴങ്ങ് വിൽക്കുന്നതിലൂടെ ഏറ്റവും കുറഞ്ഞത് 150 റിയാൽ മുതൽ 250 റിയാൽ വരെ ലാഭം ലഭിക്കുമെന്ന് അഹ്മദ് അബ്ദുൽമുഹ്സിൻ പറഞ്ഞു.
മരുഭൂ കിഴങ്ങ് സീസൺ അവസാനിച്ചാൽ പച്ചക്കറികളും സീസൺ പഴവർഗങ്ങളും വിൽപന നടത്തുകയാണ് താൻ ചെയ്യുന്നത്. ഇപ്പോൾ നിരവധി വിദേശികൾ പാതയോരങ്ങളിൽ പച്ചക്കറി വിൽപന ആരംഭിച്ചിട്ടുണ്ടെന്നു അഹ്മദ് അബ്ദുൽമുഹ്സിൻ പറഞ്ഞു.
താനും സുഹൃത്തുകളും ചേർന്ന് താരതമ്യേന കുറഞ്ഞ നിരക്കിൽ ഒരു ലോഡ് പച്ചക്കറി മൊത്തമായി വാങ്ങി പങ്കുവെച്ച് വിൽപന നടത്തുകയാണ് ചെയ്യുന്നതെന്ന് മറ്റൊരു സൗദി യുവാവ് പറഞ്ഞു. ഓരോ തവണയും വാങ്ങുന്ന പച്ചക്കറികൾ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിറ്റ് കാലിയാക്കും. ഇതിലൂടെ എല്ലാവർക്കും തരക്കേടില്ലാത്ത ലാഭം ലഭിക്കും. മരുഭൂ കിഴങ്ങ് സീസൺ അവസാനിച്ചാൽ ഇലന്തപ്പഴം അടക്കമുള്ള ശൈത്യകാല പഴവർഗങ്ങളിലേക്ക് തിരിയും. നാൽപതു കാർട്ടൺ വരെ സീസൺ പഴങ്ങൾ വാങ്ങി സൂക്ഷിച്ച് ചില്ലറയായി വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഇനത്തിനും ഗുണമേന്മക്കും അനുസരിച്ച് ഒരു കിലോ ഇലന്തപ്പഴം വിൽപന നടത്തുന്നതിലൂടെ ഏഴു റിയാൽ മുതൽ ഇരുപതു റിയാൽ വരെ ലാഭം ലഭിക്കുമെന്നും യുവാവ് പറഞ്ഞു.
മൂവായിരം റിയാൽ വിലയുള്ള പച്ചക്കറി ലോഡ് വാങ്ങി വിൽപന നടത്തുന്നതിലൂടെ 1,500 റിയാൽ ലാഭം ലഭിക്കുമെന്ന് മറ്റൊരു യുവാവ് പറഞ്ഞു. മുടക്കുമുതൽ കുറവാണെന്നതാണ് ലാഭത്തിന്റെ രഹസ്യമെന്ന് വിറകടുപ്പിൽ തയാറാക്കുന്ന ചായയും അറബി കാപ്പിയും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന യുവാവ് പറഞ്ഞു. ഇതിന് വലിയ സജ്ജീകരണങ്ങളൊന്നും ആവശ്യമില്ല. അതേസമയം, മികച്ച ലാഭവും ലഭിക്കും. ഇഷ്ടമുള്ളപ്പോൾ ജോലി ചെയ്താൽ മതിയെന്ന സുഖവുമുണ്ട്. പ്രതിമാസം 11,000 റിയാലോളം തനിക്ക് വരുമാനം ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മറ്റു ജോലികൾ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും യുവാവ് പറഞ്ഞു.
മൊബൈൽ റെസ്റ്റോറന്റ് (ഫുഡ് ട്രക്ക്) മേഖലയിൽ പ്രവർത്തിക്കുന്നതിന് സൗദികൾക്കു മാത്രമാണ് ലൈസൻസ് അനുവദിക്കുന്നതെങ്കിലും വിദേശികളും ഈ രംഗത്ത് ബിനാമിയായി പ്രവർത്തിക്കുന്നുണ്ട്. ഫുഡ് ട്രക്കുകളിൽ വിദേശികൾ ജോലി ചെയ്യുന്നത് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ, മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയ നിയമങ്ങൾ വിലക്കുന്നുണ്ട്. ഇത് ലംഘിച്ച് നിരവധി വിദേശികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.