വിജയവാഡ: ആന്ധ്രയിലെ രാമചന്ദ്രപുരത്തുള്ള അഗസ്‌തേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നും 400 വര്‍ഷം പഴക്കമുള്ള നന്തി വിഗ്രഹം മോഷ്ടിച്ച സംഘം പൊലീസ് പിടിയില്‍. പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. നന്തിയില്‍ വജ്രം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ വിഗ്രഹം മോഷ്ടച്ചത്.
ഗ്രാനൈറ്റ് കൊണ്ടു നിര്‍മ്മിച്ച നൂറ് കിലോ ഭാരമുള്ളതാണ് വിഗ്രഹം. ജനുവരി 24ന് മോഷണത്തെക്കുറിച്ച് ക്ഷേത്രാധികാരികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നന്തി വിഗ്രഹത്തില്‍ വജ്രം ഉണ്ടെന്ന് ക്ഷേത്ര പരിസരത്ത് വ്യാജ പ്രചരണം നിലനിന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 15 അംഗ സംഘം മോഷണത്തിന് പദ്ധതിയിടുകയായിരുന്നു.
മോഷ്ടിച്ച വിഗ്രഹം പ്രദേശത്തെ കനാലിന്റെ തീരത്തുവെച്ച് വെട്ടിപ്പൊളിച്ചു. എന്നാല്‍, വിലപിടിപ്പുള്ള കല്ലുകള്‍ ഒന്നും ലഭിച്ചില്ലെന്നും സംഘം മൊഴി നല്‍കി. ക്ഷേത്രാധികാരികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ വെച്ചായിരുന്നു അന്വേഷണം.
സംഭവത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നതായി ക്ഷേത്രാധികാരികല്‍ നല്‍കിയ പരാതിയിലുണ്ട്. സംഘത്തിന് വിഗ്രഹത്തെ കുറിച്ചുള്ള വിവരം എങ്ങനെ ലഭിച്ചുവെന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.