അബുദബി- ഗള്‍ഫ് മേഖലയിലെ ആദ്യ ഹിന്ദു ക്ഷേത്രമെന്ന വിശേഷണത്തോടെ യുഎഇ തലസ്ഥാനമായ അബുദബിയില്‍ നിര്‍മ്മിക്കാനിരിക്കുന്ന ക്ഷേത്രത്തിന് സര്‍ക്കാര്‍ 13 ഏക്കര്‍ ഭൂമി കൂടി അനുവദിച്ചു. അല്‍ വത്ബയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 13 ഏക്കര്‍ ഭൂമി ദാനമായി ലഭിച്ചെന്ന് ക്ഷേത്രം നിര്‍മ്മിക്കുന്ന ബൊചാനവാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ത (ബാപ്സ്) എന്ന സംഘടനയുടെ മുഖ്യ ഭാരവാഹികളില്‍ ഒരാളായ പൂജ്യ ബ്രഹ്മവിഹാരിദാസ് അറിയിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിക്കാനും മറ്റും സൗകര്യങ്ങള്‍ക്കുമായി 10 ഏക്കര്‍ ഭൂമി കൂടി അബുദബി സര്‍ക്കാര്‍ നാലു വര്‍ഷത്തേക്ക് അധികമായി അനുവദിച്ചിട്ടുണ്ട്. 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം പണിയുന്നത്. ഈ ഭൂമി അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ദാനം ചെയ്തതാണ്.
ക്ഷേത്ര നിര്‍മ്മാണത്തിനു തുടക്കമിടുന്ന 'ശിലാന്യാസം' ഏപ്രില്‍ 13 നടക്കുമെന്നും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബ്രഹ്മവിഹാരിദാസ് അറിയിച്ചു. ബാപ്സ് മഠത്തിന്റെ ആത്മീയാചാര്യന് സ്വാമി മഹാരാജ് ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ക്ഷേത്രം ഒരു സാംസ്കാരിക കേന്ദ്രമായിരിക്കും. ആര്‍ട് ഗാലറി, എക്സിബിഷന് ഹാളുകള്‍, വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രം, ലൈബ്രറി, വ്യത്യസ്ത ആത്മീയ സംഘങ്ങളെ ഉള്‍ക്കൊള്ളുന്നതിന് ഏഴ് വിശാലമായ പ്രാര്‍ത്ഥനാ ഹാളുകള്‍, കുട്ടികള്‍ക്കുളള ക്ലാസ് മുറികള്‍, കായിക സംവിധാനങ്ങള്‍, കുട്ടികള്‍ക്കുള്ള ജിം, ഭക്ഷണ ഹാളുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്ന് ബാപ്സ് സന്യാസിയായ അക്ഷരതിദാസ് സ്വാമി പറഞ്ഞു.
ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനകള്‍ നല്കാന് സമുദായ നേതാക്കളോടും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യുഎഇയുടെ ഉദാരമനസ്ക്കരായ രാഷ്ട്ര നേതാക്കളുടെ പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കണമെന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന കമ്പനിയായ മന്ദിര്‍ ലിമിറ്റഡ് ബോര്‍ഡ് അംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ ബി.ആര് ഷെട്ടി പറഞ്ഞു.