ഹൈദരാബാദ്: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ടെക്കി യുവതി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. നഗരത്തിലെ അറിയപ്പെടുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജോലിക്കാരിയാണ് യുവതി. 24 കാരിയായ യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാവിനെ തട്ടികൊണ്ടു പോയത്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ എത്തി അഡ്മിറ്റായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവതിയെ ശല്ല്യം ചെയ്തതിന്റെ പേരിലാണ് 23 കാരനായ വി സായ് കുമാറിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് വി സായ് കുമാര്‍ യുവതിയെ കണ്ടത്. പിന്നീട് അയാള്‍ പലപ്പോഴും യുവതിയെ വിളിക്കാന്‍ ആരംഭിച്ചു. വിലക്കിയിട്ടും യുവാവിന്റെ മനോഭാവത്തില്‍ മാറ്റമില്ലെന്ന് മനസിലാക്കിയ യുവതി യുവാവിനെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പെരുമാറ്റത്തില്‍ അപാകത മണത്ത യുവതി തന്റെ അഞ്ച് സുഹൃത്തുക്കളുടെ സഹായത്താല്‍ സെക്കന്തരാബാദിലുള്ള അഞ്ജാത കേന്ദ്രത്തിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതു പ്രകാരം യുവാവ് എത്തിയപ്പോള്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതിയുടെ സുഹൃത്തുക്കള്‍ മാല്‍ക്കജ്ഗിരി എന്ന സ്ഥലത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് യുവാവിനെ ബൈക്കില്‍ കയറ്റി എത്തിച്ച ശേഷം വീണ്ടും മര്‍ദ്ദിച്ചു. ഇവിടെ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. യുവതിയും സുഹൃത്തുക്കളും സായ് കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും. യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായെന്നും ഗോപാലപുരം എസിപി അറിയിച്ചു. കൊലപാതക ശ്രമത്തിനാണ് ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.