കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കുളള ഫ്‌ളൈ ദുബായ് വിമാന കമ്പനിയുടെ സർവീസുകൾക്ക് തുടക്കമായി. വെളളിയാഴ്ച രാത്രി 8.20ന് ദുബായിൽ നിന്നു പുറപ്പെട്ട വിമാനം ശനിയാഴ്ച പുലർച്ചെ 1.45 നാണ് കരിപ്പൂരിലെത്തിയത്. ആദ്യ വിമാനത്തെ വാട്ടർ സെല്യൂട്ട് നൽകിയാണ് കരിപ്പൂരിൽ സ്വീകരിച്ചത്. ആദ്യ വിമാനത്തിൽ 178 യാത്രക്കാരാണുണ്ടായിരുന്നത്. 3.05ന് വിമാനം ദുബായിലേക്ക് മടങ്ങി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും കരിപ്പൂരിൽ നിന്ന് ദുബായിലേക്കും തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിൽ ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് സർവീസ്. കരിപ്പൂരിൽ നിന്നും ദുബായിലേക്ക് സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാന കമ്പനിയാണ് ഫ്‌ളൈ ദുബായ്.
ഈ മാസം അഞ്ചു മുതൽ ജിദ്ദയിലേക്ക് സൗദി എയർലൈൻസിന്റെ രണ്ട് അധിക സർവീസുകളും കരിപ്പൂരിൽ നിന്നും ആരംഭിക്കുന്നുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും ജിദ്ദയിലേക്ക് സൗദിയയുടെ അധിക സർവീസ്. ഇതോടെ ജിദ്ദയിലേക്ക് സൗദിയയുടെ സർവീസ് ഏഴായി വർധിക്കും. നിലവിൽ ജിദ്ദയിലേക്ക് അഞ്ചും റിയാദിലേക്ക് രണ്ടും സർവീസുകളാണുളളത്.