ബാംഗ്ലൂര്‍- മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നടി സുമലതയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം കര്‍ണാടകയിലെ ജനതാദള്‍-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമോ? മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡ മത്സര രംഗത്തിറങ്ങാന്‍ കാത്തിരിക്കുന്ന മണ്ഡലമാണ് മാണ്ഡ്യ.
സുമലതയുടെ ഭര്‍ത്താവ് അംബരീഷ് നേരത്തെ മാണ്ഡ്യയെ പ്രതിനിധീകരിച്ചിരുന്നു. അംബരീഷ് മരിച്ചതോടെയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സുമലതയെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമം തുടങ്ങിയത്. കഴിഞ്ഞ ദിവസം നൂറുകണക്കിനു പേര്‍ ഈ ആവശ്യവുമായി ബംഗളൂരുവിലെ സുമലതയുടെ വസതിയിലെത്തി.
അംബരീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജയിച്ചതെങ്കിലും അവസാന കാലത്ത് അദ്ദേഹം പാര്‍ട്ടിയുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. 2014 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നടി രമ്യ നേരിയ വോട്ടിനാണ് ഇവിടെ പരാജയപ്പെട്ടത്. അംബരീഷ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതാണ് തോല്‍വിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുമതലയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാവുമോയെന്ന് കണ്ടറിയണം. കോണ്‍ഗ്രസ് പിന്തുണക്കുന്നില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുമലതയെ രംഗത്തിറക്കാനാണ് അംബരീഷിന്റെ അനുയായികളുടെ പദ്ധതി.
അംബരീഷിന്റെ അനുയായികള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഏറെ പിന്തുണ നല്‍കിയിരുന്നുവെന്നും അവരെ നിരാശപ്പെടുത്താനാവില്ലെന്നും സുമലത പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാല്‍ അംബരീഷിന്റെ അനുയായികളുടെ താല്‍പര്യം കാണുമ്പോള്‍ അവരെ നിരാശപ്പെടുത്താനുമാവില്ല. എങ്കിലും അത് എളുപ്പത്തിലെടുക്കാവുന്ന തീരുമാനമല്ല. പാര്‍ട്ടി നേതൃത്വവുമായി താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സുമലത പറഞ്ഞു.
മത്സരിക്കുന്നുവെങ്കില്‍ മാണ്ഡ്യയില്‍ തന്നെയാവും സ്ഥാനാര്‍ഥിയാവുകയെന്ന് സുമലത വ്യക്തമാക്കി. അംബരീഷ് മാണ്ഡ്യയിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഞങ്ങളുടെ കുടുംബം അതു തുടരും. അവരുടെ സ്‌നേഹവായ്പ് തന്നെ വല്ലാതെ സ്പര്‍ശിച്ചുവെന്നും സുമലത പറഞ്ഞു.
രമ്യ സ്ഥാനാര്‍ഥിയായപ്പോള്‍ അംബരീഷിന്റെ അനുയായികള്‍ വോട്ട് ചെയ്തില്ലെങ്കിലും സുമലതയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ട്. എന്നാല്‍ അതിനു വേണ്ടി ജനതാദളിനെ പിണക്കാനാവുമോയെന്നതാണ് ചോദ്യം. സുമലത സ്വതന്ത്രയായി മത്സരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കാന്‍ കാരണമാവും.