ന്യൂദല്‍ഹി- മധ്യപ്രദേശ് മുന്‍ ഡി.ജി.പി ഋഷികുമാര്‍ ശുക്ല സി.ബി.ഐയുടെ പുതിയ മേധാവി. 1983 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 30 പേരുടെ പട്ടികയില്‍നിന്നാണ് ശുക്ലയെ തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരടങ്ങിയത സമിതിയാണ് നിയമനം നടത്തിയത്. നിലവില്‍ മധ്യപ്രദേശ് പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ്.
രണ്ട് വര്‍ഷത്തേക്കാണ് ശുക്ലയുടെ നിയമനം. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു തവണ യോഗം ചേര്‍ന്നിട്ടും സി.ബി.ഐ മേധാവിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച രാത്രി എട്ടര വരെ യോഗം നീണ്ടിട്ടും തീരുമാനമാകാതെ പിരിയുകയായിരുന്നു. എം. നാഗേശ്വര്‍ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയോഗിച്ച നടപടി കൂടുതല്‍ വിവാദങ്ങളില്‍പ്പെട്ടതോടെയാണ് സി.ബി.ഐ മേധാവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയത്.