Sorry, you need to enable JavaScript to visit this website.

ഇന്ത്യയ്ക്കു നല്ല വളര്‍ച്ചയാണെങ്കില്‍ ഒരു നോട്ടുനിരോധനം കൂടി ആകാമെന്ന് ചിദംബരത്തിന്റെ കൊട്ട്

ന്യൂദല്‍ഹി- രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ രണ്ടു വര്‍ഷത്തേക്ക് പരിഷ്‌ക്കരിച്ച നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം രംഗത്തെത്തി. 45 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കെ എങ്ങനെ സാമ്പത്തിക വളര്‍ച്ച സര്‍ക്കാര്‍ പറയുന്ന പോലെ കരുത്തുറ്റതാകുന്നുവെന്ന് അദ്ദേഹം ചോദിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തെ പരിഷക്കരിച്ച വളര്‍ച്ചാനിരക്ക് ചൂണ്ടിക്കാട്ടിയാണ് ചിദംബരം മോഡി സര്‍ക്കാരിനെ കളിയാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തെ നിരക്കും പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതു വരെയുള്ള കണക്കുകള്‍ പ്രകാരം മോഡി സര്‍ക്കാര്‍ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്ക് കൈവരിച്ച വര്‍ഷമാണിത്.

ട്വീറ്റുകളിലൂടെയാണ് ചിദംബരത്തിന്റെ വിമര്‍ശനം. നോട്ടുനരോധിച്ച വര്‍ഷമാണ് മോഡിക്കു കീഴിലെ മികച്ച വര്‍ഷമെങ്കില്‍ നമുക്ക് ഒരു നോട്ടു നിരോധനം കൂടി ആകാം. ഇത്തവണ 100 രൂപാ നോട്ടുകള്‍ നിരോധിക്കട്ടെ- ഒരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. 

നോട്ടു നിരോധനം ഏര്‍പ്പെടുത്തിയ 2016-17 വര്‍ഷം 8.2 ശതമാനം വളര്‍ച്ചാ നിരക്കായിരുന്നു രേഖപ്പെടുത്തിയത്. ഇതു മോഡി സര്‍ക്കാര്‍ കൈവരിച്ച ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ബജറ്റിനു മുന്നോടിയായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2017-18-ലെ വളര്‍ച്ചാ നിരക്കും സര്‍ക്കാര്‍ പരിഷ്‌ക്കരിച്ച് 6.7 ശമതാനത്തില്‍ നിന്നും 7.2 ശതമാനം എന്ന തോതിലെത്തിച്ചു. ഇതുവരെ വളര്‍ച്ചാ നിരക്കുകള്‍ കണക്കാക്കിയിരുന്ന മാനദണ്ഡങ്ങളില്‍ മോഡി സര്‍ക്കാര്‍ മാറ്റം വരുത്തിയതാണ് നിരക്ക് ഉയരാന്‍ കാരണമെന്ന് സാമ്പത്തിക വിഗദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ കണക്കുകള്‍ക്കിടെയാണ് സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ സ്വാധീനിക്കുന്ന ഒരു ഘടകമായ തൊഴിലില്ലായ്മ സംബന്ധിച്ച് സര്‍ക്കാര്‍ പൂഴ്ത്തിവച്ച കണക്കുകള്‍ കഴിഞ്ഞ ദിവസം ബിസിനസ് ദിനപത്രമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തു കൊണ്ടു വന്നത്. നാഷണല്‍ സാംപിള്‍ സര്‍വെ ഓഫീസ് നടത്തിയ പിരയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വെയിലെ വിവര അനുസരിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമെന്ന് ഏറ്റവും ഉയര്‍ന്ന തോതിലാണ്. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് 1972-73 സാമ്പത്തിക വര്‍ഷമാണ് നേരത്തെ ഇത്രത്തോളം തൊഴിലില്ലായ്മ രൂക്ഷമായിരുന്നത്. 2011-12 കാലയളവില്‍ 2.1 ശതമാനമായിരുന്നു ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക്. 

എന്നാല്‍ ഈ റിപോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഇതൊരു കരട് റിപോര്‍ട്ടാണെന്ന് ന്യായീകരിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ രംഗത്തു വന്നതാണ് ആകെയുള്ള സര്‍ക്കാരിന്റെ പ്രതികരണം. 


 

Latest News