മദീന - ഇഖാമ പുതുക്കി നൽകാതെ കബളിപ്പിച്ച് 3,500 റിയാൽ തട്ടിയെടുത്ത ജനറൽ സർവീസിനെതിരെ വിദേശ തൊഴിലാളി നൽകിയ കേസിൽ മദീന വാണിജ്യ കോടതിയിൽ നിന്ന് വിദേശിക്ക് അനുകൂല വിധി.
ജവാസാത്ത് ഡയറക്ടറേറ്റിനെ സമീപിച്ച് ഇഖാമ പുതുക്കി നൽകുന്നതിനും മറ്റു അനുബന്ധ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും ജനറൽ സർവീസ് ഓഫീസ് പരാതിക്കാരനിൽ നിന്ന് 3,500 റിയാൽ ഈടാക്കുകയായിരുന്നു. എന്നാൽ ധാരണാ പ്രകാരം ഇഖാമ പുതുക്കി നൽകുന്നതിൽ സ്ഥാപനം വീഴ്ച വരുത്തി. ഇഖാമ പുതുക്കി നൽകിയില്ലെന്നു മാത്രമല്ല, ഈയാവശ്യത്തിന് കൈപ്പറ്റിയ തുക തിരികെ നൽകുന്നതിനും സ്ഥാപന അധികൃതർ വിസമ്മതിച്ചു. ഇതോടെയാണ് വിദേശി മദീന വാണിജ്യ കോടതിയെ സമീപിച്ചത്.
നോട്ടീസ് അയച്ചിട്ടും കേസ് വിചാരണക്ക് സ്ഥാപന അധികൃതർ കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്ന് സ്ഥാപന ഉടമയുടെ അഭാവത്തിലാണ് കോടതി കേസ് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
പരാതിക്കാരനിൽ നിന്ന് ഈടാക്കിയ തുക സ്ഥാപന ഉടമ തിരിച്ചുനൽകണമെന്ന് കോടതി ഉത്തരവിട്ടു.