റിയാദ് - ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൗദി പൗരനെയും യെമനിയെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. റിയാദിൽ ബിനാമിയായി കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ യെമനി ആദിൽ ഹുസൈൻ മുഹമ്മദ് മുസവ്വർ, ഇതിന് കൂട്ടുനിന്ന സൗദി പൗരൻ സഅദ് ബിൻ അലി ബിൻ നാജി അൽകർമശി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും കോടതി പിഴ ചുമത്തി.
ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസ് റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും ഭാവിയിൽ ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം യെമനിയെ നാടുകടത്തുന്നതിനും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും യെമനിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്.
റിയാദിൽ പ്രവർത്തിക്കുന്ന കോൺട്രാക്ടിംഗ് സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനം യെമനി സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു.
ഭീമമായ തുകയുടെ ഇടപാടുകളാണ് യെമനി നടത്തിയിരുന്നത്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായും സ്ഥാപനങ്ങളുമായും വ്യക്തികളുമായും കോൺട്രാക്ടിംഗ് സ്ഥാപനത്തിനു വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതും യെമനിയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് നിയമ ലംഘകർക്ക് എതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും.
നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിക്കുന്നവർക്ക് മന്ത്രാലയം പാരിതോഷികം നൽകുന്നുണ്ട്. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി ലഭിക്കുക.