Sorry, you need to enable JavaScript to visit this website.

രാമ ക്ഷേത്ര നിര്‍മാണം നാലു മാസത്തിനു ശേഷമെന്ന് ആര്‍എസ്എസ് മേധാവി; തീയതി പ്രഖ്യാപിക്കണമെന്ന് അണികളും- Video

അലഹാബാദ്- അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ നാലു മാസത്തികം പണികള്‍ തുടങ്ങുമെന്ന് ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. പ്രയാഗ്‌രാജില്‍ (അലഹാബാദ്) ധര്‍മ സന്‍സദില്‍ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഭാഗവതിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ പ്രഖ്യാപനവും അണികളുടെ രോഷമടക്കാന്‍ മതിയായില്ല. പരിപാടിക്കിടെ രാമക്ഷേത്ര  വിഷയം ഉന്നയിച്ച് അണികള്‍ പ്രതിഷേധ ബഹളം മുഴക്കി മുദ്രാവാക്യം വിളിച്ചതോടെ ഭാഗവതിന്റെ പ്രസംഗം തടസ്സപ്പെടുകയും ചെയ്തു.

"അവര്‍ വോട്ടു ലഭിക്കുന്നതിനെ കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ വിശ്വാസം കണക്കിലെടുത്ത് രാമക്ഷേത്രം പണിയുക തന്നെ ചെയ്യും. ഈ തീരുമാനം അടുത്ത മൂന്ന് നാലു മാസത്തിനകം ഉണ്ടായാല്‍ വളരെ നല്ലത്. ഇല്ലെങ്കില്‍ രാമക്ഷേത്ര നിര്‍മാണം നാലു മാസത്തിനു ശേഷം ആരംഭിക്കും"- ഭാഗവത് പറഞ്ഞു.

രാമ ക്ഷേത്ര നിര്‍മ്മാണം വൈകുന്നതിലുള്ള പ്രതിഷേധം രണ്ടു ദിവസം മുമ്പ് പ്രമുഖ ഹിന്ദു സന്യാസി ശങ്കാരാചാര്യ സ്വരൂപാനന്ദ സരസ്വതി ഇതെ വേദിയില്‍ അറിയിച്ചിരുന്നു. ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്താന്‍ ഫെബ്രുവരി 21-ന് ഹിന്ദു സന്യാസിമാര്‍ അയോധ്യയിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു സരസ്വതിയുടെ പ്രഖ്യാപനം. ഇനി കാത്തിരിക്കാനാകില്ലെന്നും ഈ ദിവസം തന്നെ ശിലാസ്ഥാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയും അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി വൈകുകയും ചെയ്തതോടെ ആര്‍എസ്എസ് കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ അയോധ്യയിലെ തര്‍ക്കഭൂമിക്കു സമീപമുള്ള, സര്‍ക്കര്‍ ഏറ്റെടുത്ത തര്‍ക്ക രഹിത ഭൂമി ഒരു ഹിന്ദു ട്രസ്റ്റിനു വിട്ടു കൊടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
 

Latest News