ഗുവാഹത്തി- അസമില്‍ മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്ന ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചവരില്‍ മൂന്നു പേര്‍ പ്രധാനമന്ത്രി മോഡിക്കെതിരെ മുദ്രാവാക്യം മുഴക്കിയ ശേഷം നഗ്നരായി. കൃഷക് മുക്തി സംഗ്രം സമതി (കെഎംഎസ്എസ്) പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിനു സമീപം നഗ്നരായി പ്രതിഷേധിച്ചത്. കാറില്‍നിന്ന് ഇറങ്ങിയ ഉടന്‍ ഇവര്‍ പ്രധാനമന്ത്രി മോഡി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ധനമന്ത്രി ഹിമന്ത ബിസ് ശര്‍മ എന്നിവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ശേഷം വസ്ത്രമുരിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്ത ഇവരെ പോലീസെത്തി കമ്പിളി പുതപ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡി.സി.പി അമന്‍ജിത് കൗര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലിംകളല്ലാത്ത ആറ് ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്കാണ് പൗരത്വം അനുവദിക്കുന്നത്. ഇതോടെ പുറമെനിന്നുള്ളവര്‍ തദ്ദേശീയരെ പുറന്തള്ളുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൗരത്വ ബില്ലിനെതിരെ പ്രതിഷേധം തുടരുന്നത്.