Sorry, you need to enable JavaScript to visit this website.

ആദായനികുതി പരിധി അഞ്ച് ലക്ഷമാക്കി, കര്‍ഷകര്‍ക്ക് സഹായം

വോട്ട് ലക്ഷ്യമാക്കുന്ന ബജറ്റുമായി കേന്ദ്രം

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൈയടി നേടുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ആദായനികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി. ഈ വര്‍ഷം നിലവിലെ നിരക്ക് തുടരും. റിബേറ്റ് പിന്നീടെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. മൂന്നു കോടി ആളുകള്‍ക്ക് 18,000 കോടി രൂപയുടെ ഗുണമുണ്ടാകും. 40000 രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല. വാടകക്ക് 2.4 ലക്ഷം രൂപ വരെ ടിഡിഎസ് ഉണ്ടാകില്ല.
ധനമന്ത്രിയുടെ അധിക ചുമതലയുള്ള പീയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്‌ക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇഎസ്‌ഐ പരിധി 21000 രൂപയായി ഉയര്‍ത്തി.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും.
യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍.ഡി.എ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. മൂന്നു ലക്ഷം കോടി രൂപയോളം ഇത്തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. വായ്പകള്‍ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരെയും വെറുതെവിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു ലക്ഷം അധിക സീറ്റുകള്‍ ഉറപ്പാക്കും. പാവപ്പെട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് സര്‍ക്കാരിന്റെ നയമെന്നു മന്ത്രി പറഞ്ഞു.
സുസ്ഥിര, അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. 2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചു നല്‍കി. ധനക്കമ്മി പകുതിയാക്കി കുറച്ചുവെന്നും മന്ത്രി പറഞ്ഞു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 239 ബില്യന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ജിഎസ്ടി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലൂടെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു. 2018 ഡിസംബറില്‍ നാണ്യപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

-ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് 3 ലക്ഷം കോടി രൂപ കവിഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കു 35000 കോടി നല്‍കി.

- എട്ടു കോടി സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കും.

- അടുത്ത 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും

-ഗ്രാറ്റ്വിറ്റി പരിധി 10 ലക്ഷത്തില്‍നിന്നു 30 ലക്ഷമാക്കി.

-നികുതി റിട്ടേണ്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കും. റിട്ടേണുകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കും. റീഫണ്ടും ഉടന്‍.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നു മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി.

- ആശാ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.

Latest News