Sorry, you need to enable JavaScript to visit this website.

സ്പീക്കര്‍ അയയുന്നു; അവര്‍ മതിലിനു വേണ്ടി യാചിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍-യു.എസ് സ്പീക്കറും ഡെമോക്രാറ്റുമായ നാന്‍സി പെലോസി മതിലിനുവേണ്ടി യാചിക്കുമെന്ന പ്രസിഡന്റ് റോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാക്കി അവര്‍ വിട്ടുവീഴ്ചക്കൊരുങ്ങുന്നു. വീണ്ടുമൊരു ഭരണസ്തംഭനമൊഴിവാക്കാന്‍ അതിര്‍ത്തിയിലെ വേലിയെ കുറിച്ചും അടിസ്ഥന സൗകര്യങ്ങളെ കുറിച്ചും ചര്‍ച്ചക്ക് തയാറാണെന്ന് പെലോസി അറിയിച്ചു. നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്നാണ് അവര്‍ സമ്മതിച്ചിരിക്കുന്നത്.
മതിലിനുള്ള പണം ഉള്‍പ്പെടുത്തി നിയമഭേദഗതി ഉണ്ടാവില്ല. എന്നാല്‍ തുടുരന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ ചില കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളെ കുറിച്ചും സാങ്കേതികതയെ കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് പെലോസി പറഞ്ഞു.
മതില്‍ നിര്‍മിച്ചേ തീരൂവെന്ന ട്രംപിന്റെ പിടിവാശിയെ തുടര്‍ന്നുള്ള ബജറ്റ് സ്തംഭനം ഒഴിവാക്കുന്നതിന് അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നതിനായി ചെറിയ വേലി നിര്‍മിക്കാമെന്ന നിര്‍ദേശം ടെക്‌സാസ് അതിര്‍ത്തി ജില്ലയെ പ്രതിനിധീകരിക്കുന്ന ഹെന്റി കുവെല്ലര്‍ മുന്നോട്ടുവെച്ചിരുന്നു.
അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത 300 മൈല്‍ വേലിയുണ്ടെന്നും പ്രസിഡന്റിന് വേണമെങ്കില്‍ ഇതിനെ മതിലെന്നുവിളിക്കാമെന്നും പെലോസി പറഞ്ഞു. യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ വ്യാപിപ്പിക്കുന്നതിനെ ഡെമോക്രാറ്റുകള്‍ ശക്തിയായി എതിര്‍ത്തുവരികയാണ്.
അതേസമയം, തന്റെ സ്വപ്‌ന പദ്ധതിയായ മതിലിനുള്ള പണം നല്‍കാതെ ഒരുവിധത്തിലുള്ള ഒത്തുതീര്‍പ്പിനും ഒരുക്കമല്ലെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. മതിലിനുള്ള പണം നല്‍കാന്‍ അവര്‍ തയാറല്ലെങ്കില്‍ ഒന്നും നടക്കാന്‍ പോകുന്നില്ല- ഓവല്‍ ഓഫീസില്‍ ട്രംപ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സ്പീക്കര്‍ നാന്‍സി പെലോസി മതിലിനുവേണ്ടി യാചിക്കുന്നതു കാണാമെന്ന് അതിര്‍ത്തിയിലേക്ക് പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കുടിയേറ്റ സംഘത്തെ ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു.
 

Latest News