ന്യൂഡല്‍ഹി: നാഷണല്‍ സര്‍വ്വേ സാമ്പിള്‍ ഓഫീസിന്റെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്ത്. 45 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-2018 കാലഘട്ടത്തില്‍ 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ.
ദേശീയ സ്റ്റാറ്റസ്റ്റിക്കല്‍ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി.സി മോഹനന്‍, ജെ വി മീനാക്ഷി എന്നിവര്‍ കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതിന് തൊട്ടു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
2016ലെ നോട്ട് നിരോധനമാണ് വിവിധ മേഖലകളില്‍ തൊഴിലില്ലായ്മ വര്‍ദ്ധിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. 20112012 കാലഘട്ടത്തില്‍ 2.2 ശതമാനമായിരുന്നു യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ. കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ദയനീയ സ്ഥിതിയാണ് രാജ്യത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായിരിക്കുന്നത്.
ഉള്‍ഗ്രാമങ്ങളില്‍ 15 നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 17.4 ശതമാനമാണ് തൊഴിലില്ലായ്മ. 2012ല്‍ ഇത് 13.6 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളില്‍ നേരത്തെ 18.7 ശതമാനമായിരുന്ന തൊഴിലില്ലായ്മയാണ് മോഡി ഭരണത്തില്‍ 27.2 ശതമാനമായിരിക്കുന്നത്.വിദ്യാഭ്യാസമുള്ള തൊഴില്‍രഹിതരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ഉണ്ടായിരുക്കുന്നത്. വിദ്യാഭ്യാസമുള്ള തൊഴിലില്ലാത്ത സ്ത്രീകളുടെ എണ്ണവും 17.3 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് പി.സി.മോഹനനും, ജെ.വി.മീനാക്ഷിയും ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ സ്വതന്ത്രാംഗത്വത്തില്‍ നിന്ന് ഔദ്യോഗികമായി രാജി വച്ചത്.