Sorry, you need to enable JavaScript to visit this website.

രാമനും കൃഷ്ണനും പുക വലിച്ചിട്ടില്ല,  പിന്നെ നമ്മളായിട്ടെന്തിനാ-രാംദേവ് 

അലഹബാദ്- സന്യാസികളോട് പുകവലി ഉപേക്ഷിക്കണമെന്ന ഉപദേശവുമായ് യോഗാചാര്യന്‍ ബാബാ രാംദേവ്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്യാസിമാരോടാണ് രാമനും കൃഷ്ണനും പുകവലിച്ചിരുന്നില്ലെന്നും പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നതെന്ന ചോദ്യവുമായ് രാംദേവ് രംഗത്തെത്തിയത്.
നമ്മള്‍ രാമനേയും കൃഷ്ണനേയുമാണ് പിന്തുടരുന്നത്. അവര്‍ ജീവിതത്തില്‍ ഒരിക്കലും പുകവലിച്ചിരുന്നില്ല. പിന്നെന്തിനാണ് നമ്മള്‍ പുകവലിക്കുന്നത്, ആ ശീലം ഉപേക്ഷിക്കുന്നതിനായി നമ്മള്‍ ഒരുമിച്ച് പ്രതിജ്ഞ എടുക്കണമെന്നും, വീട്, അമ്മ, അച്ഛന്‍ ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചവരാണ് സന്ന്യാസിമാര്‍. പിന്നെ എന്തുകൊണ്ട് നമുക്ക് പുകവലി ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെന്നും രാംദേവ് ചോദിച്ചു.
കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്ന്യാസിമാരില്‍ നിന്നും ഹുക്ക ഉള്‍പ്പടെയുള്ളവ രാംദേവ് പിടിച്ചെടുത്തു. കൂടാതെ അവരെക്കൊണ്ട് പുകയില ഇനി ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സന്ന്യാസിമാരില്‍ നിന്ന് പിടിച്ചെടുത്ത ഹുക്കകള്‍ താന്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നും രാംദേവ് പറഞ്ഞു. യുവാക്കളെ പുകവലിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. അതുപോലെ മഹാത്മാക്കളെക്കൊണ്ടും ചെയ്യിപ്പിക്കുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
55 ദിവസം നീളുന്ന കുംഭ മേള മാര്‍ച്ച് നാലിന് അവസാനിക്കും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു ഹൈന്ദവ സംഗമമാണ് കുംഭമേള. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ചെത്തുന്ന ആഘോഷമാണിത്. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമ വേദിയില്‍ ഏകദേശം 13 കോടിയിലധികം ആളുകളാണ് സ്‌നാനത്തിനായി എത്തുന്നത്.

Latest News