ചെന്നൈ- തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ ആഗ്രഹമുള്ള സ്ഥാനാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 25,000 രൂപ ഫീസ് ന്ല്‍കി വേണം അപേക്ഷിക്കാന്‍. ഫെബ്രുവരി നാലു മുതല്‍ 10 വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. സംസ്ഥാനത്ത് ഭരണമുണ്ടെങ്കിലും പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ മരണത്തോടെ ഏതാണ്ട് ശിഥിലമായ അണ്ണാ ഡിഎംകെയ്ക്ക് ഇത്തവണ പ്രതീക്ഷിക്കാന്‍ വകയില്ലെന്നാണ് വിലയിരുത്തല്‍. ജയലളിതയുടെ മരണത്തിനു ശേഷമുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് മൂന്ന് മാസനത്തിനകം നടക്കാനിരിക്കുന്നത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ 37-ഉം അണ്ണാ ഡിഎംകെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-ല്‍ നടന്ന നിര്‍ണായക നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ജയലളിതയുടെ സ്വന്തം മണ്ഡലമായ ആര്‍.കെ നഗറില്‍ അണ്ണാ ഡിഎംകെ തോറ്റിരുന്നു. പാര്‍ട്ടി പുറത്താക്കിയ മുന്‍ ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനായിരുന്നു ജയിച്ചത്.
അണ്ണാ ഡിഎംകെ ഇപ്പോള്‍ ശിഥിലമായ അവസ്ഥയിലാണ്. പാര്‍ട്ടി നേതൃത്വ തര്‍ക്കവും രൂക്ഷമാണ്. ജയലളിതയുടെ മുന്‍ സഹചാരിയും അവരുടെ മരണ ശേഷം പിന്നീട് പാര്‍ട്ടി അധ്യക്ഷയുമായ വി ശശികലയും ബന്ധുവായ ദിനകരനും അമ്മ മക്കള്‍ മുന്നേട്ര കഴകം എന്ന പാര്‍ട്ടി ലേബലിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോഴും ജയിലിലാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവുമാണ് ഇപ്പോള്‍ അണ്ണാ ഡിഎംകെയെ നയിക്കുന്നത്. ഇരുവര്‍ക്കുമിടയില്‍ ഭിന്നതകളുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. ഇതിനു പുറമെ വീണ്ടും കരുത്താര്‍ജ്ജിച്ച ഡിഎംകെയും അണ്ണാ ഡിഎംകെയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. പരാജയഭീതി മൂലമാണ് തദ്ദേശ തെരഞ്ഞെടുപ്പ് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുന്നതെന്ന് ആക്ഷേപവുണ്ട്.
അതിനിടെ അണ്ണാ ഡിഎംകെയുടെ ബലഹീനത മുതലെടുക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നതായും റിപോര്‍ട്ടുണ്ട്. സംസ്ഥാനത്ത് ക്ലച്ചു പിടിക്കാത്ത ബിജെപി ഇതൊരു അവസരമായി കാണുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാനും ബിജെപി അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം അണ്ണാ ഡിഎംകെ നേതാക്കള്‍ ഈ സഖ്യത്തോട് എതിര്‍പ്പുള്ളവരാണ്. എന്തും സംഭവിക്കാമെന്നായിരുന്നു നേരത്തെ സഖ്യം സംബന്ധിച്ച് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായ എം. തമ്പിദുരൈയും ബിജെപിയോട് സഖ്യം ചേരുന്നതിനെ എതിര്‍ക്കുന്നു. സഖ്യം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.