റിയാദ് - ഹൂത്തി മിലീഷ്യകൾ ബന്ദിയാക്കിയ സൗദി സൈനികൻ മൂസ ബിൻ ശൗഇ അവാജിയെ സഖ്യസേനക്ക് വിട്ടുകിട്ടി. ആരോഗ്യനില വഷളായ സൈനികൻ ചൊവ്വാഴ്ച രാത്രി 9.15 ന് റിയാദ് കിംഗ് സൽമാൻ വ്യോമതാവളത്തിൽ എത്തിയതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. സഖ്യസേനയും യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്തും നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് സൗദി സൈനികന്റെ മോചനം സാധ്യമായത്.
ബന്ദിയായി കഴിഞ്ഞ കാലത്ത് സൈനികന് ഹൂത്തികൾ ആരോഗ്യ പരിചരണങ്ങൾ നൽകിയിരുന്നില്ല. ആരോഗ്യനില മോശമായ സൗദി സൈനികനെ വിട്ടയക്കുന്നതിനു പകരം ഏഴു ഹൂത്തി ബന്ദികളെ വിട്ടയക്കുന്നതിന് സഖ്യസേന സമ്മതിക്കുകയായിരുന്നു. ഹൂത്തികളുടെ പക്കലുള്ള അവശേഷിക്കുന്ന ബന്ദികളെ കൂടി വിട്ടുകിട്ടുന്നതിന് ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ രാഷ്ട്രീയ, സൈനിക നേട്ടങ്ങൾക്ക് ശ്രമിച്ച് ബന്ദി കൈമാറ്റ ചർച്ചകൾക്ക് ഹൂത്തികൾ താൽപര്യം കാണിക്കുന്നില്ല.
മുൻ യെമൻ പ്രതിരോധ മന്ത്രി മേജർ ജനറൽ മഹ്മൂദ് അൽസുബൈഹി അടക്കമുള്ള രാഷ്ട്രീയ, സാമൂഹിക, സൈനിക നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ ആയിരക്കണക്കിന് യെമനികൾ ഇപ്പോഴും ബന്ദികളായി ഹൂത്തികളുടെ തടവറകളിൽ കഴിയുന്നുണ്ട്. മേജർ ജനറൽ മഹ്മൂദ് അൽസുബൈഹിയെ ഉപാധികളില്ലാതെ ഉടനടി വിട്ടയക്കുന്നതിന് 2216-ാം നമ്പർ യു.എൻ രക്ഷാസമിതി പ്രമേയം ഹൂത്തികളോട് ആവശ്യപ്പെടുന്നുണ്ടെന്നും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.