റിയാദ് - മൂന്നു ദിവസത്തിനിടെ രാജ്യത്തുണ്ടായ മഴക്കെടുതിയിൽ 12 പേർ മരണപ്പെട്ടതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മീഡിയ സെന്റർ അറിയിച്ചു. ഞായറാഴ്ച മുതൽ ഇന്നലെ രാവിലെ വരെയുള്ള സമയത്താണ് പ്രളയത്തിൽ പെട്ട് 12 പേർ മരണപ്പെട്ടത്. ഇതിൽ പത്തു പേർ തബൂക്കിലും ഒരാൾ ഉത്തര അതിർത്തി പ്രവിശ്യയിലും മറ്റൊരാൾ മദീനയിലുമാണ് ഒഴുക്കിൽപെട്ട് മരണപ്പെട്ടത്.
മൂന്നു ദിവസത്തിനിടെ പ്രളയത്തിൽ പെടുകയും വെള്ളം കയറിയ പ്രദേശങ്ങളിൽ കുടുങ്ങുകയും ചെയ്ത 271 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മക്ക പ്രവിശ്യയിൽ 21 പേരെയും മദീനയിൽ 52 പേരെയും തബൂക്കിൽ 140 പേരെയും അൽജൗഫിൽ 32 പേരെയും ഉത്തര അതിർത്തി പ്രവിശ്യയിൽ 26 പേരെയുമാണ് രക്ഷപ്പെടുത്തിയത്. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് 137 പേരെ ഒഴിപ്പിച്ചു. സർക്കാർ ചെലവിൽ 154 പേർക്ക് താൽക്കാലിക താമസസൗകര്യം ഏർപ്പെടുത്തി നൽകി. കൂടുതൽ പേരെ ഒഴിപ്പിച്ചതും കൂടുതൽ പേർക്ക് സർക്കാർ ചെലവിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകിയതും തബൂക്ക് പ്രവിശ്യയിലാണ്.
മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളെടുക്കുന്നതിന് വിവിധ പ്രവിശ്യകളിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സൗദി പൗരന്മാരും വിദേശികളും ജാഗ്രത പാലിക്കണം. പ്രളയമുണ്ടാകുന്നതിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും എല്ലാവരും അകന്നുനിൽക്കണം. ഇത്തരം പ്രദേശങ്ങളിലേക്കുള്ള ഉല്ലാസ യാത്രകൾ ഒഴിവാക്കണം. മഴയിലും പ്രളയത്തിലും രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ നീന്തരുതെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
അതിനിടെ, തബൂക്കിലെ തൈമായിൽ വെള്ളം കയറിയ പ്രദേശത്ത് കുടുങ്ങിയ ബസിലെ പതിനാറു യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. അൽഅസാഫിയ, അൽഹോജ് റോഡിൽ തൈമായിൽ നിന്ന് 130 കിലോമീറ്റർ ദൂരെ വെള്ളം കയറിയാണ് ബസ് കുടുങ്ങിയത്. ഒരു അറബ് രാജ്യത്തുനിന്നുള്ള ഉംറ തീർഥാടകർ സഞ്ചരിച്ച ബസാണ് വെള്ളം കയറിയ പ്രദേശത്ത് കുടുങ്ങിയത്. യാത്രക്കാരുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. ബസിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല.
തബൂക്കിൽ പ്രളയത്തിൽപെട്ട് ഒലിച്ചുപോയ കാറിൽ അകപ്പെട്ട സൗദി യുവാവിനെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തി. ഭാഗ്യം കൊണ്ടു മാത്രമാണ് യുവാവിന് മരണവക്ത്രത്തിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയത്. ഒഴുക്കിൽപെട്ട കാറിനു മുകളിൽ കയറിനിന്ന് സഹായത്തിനു വേണ്ടി കരഞ്ഞപേക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏറെ ദൂരത്തിനുശേഷം കാർ മരത്തിൽ തങ്ങിനിന്നതാണ് യുവാവിന്റെ ജീവൻ രക്ഷിക്കുന്നതിന് സഹായിച്ചത്. കാർ മരത്തിൽ ഇടിച്ചുനിന്നതോടെ യുവാവ് മരത്തിൽ പിടിച്ചുനിൽക്കുകയായിരുന്നു.
തന്റെ മകന് പുനർജന്മമാണ് ലഭിച്ചതെന്ന് സൗദി പൗരൻ ഥാമിർ അൽബലവി പറഞ്ഞു. ഇതേ ദിവസം തന്നെ മറ്റു രണ്ടു യുവാക്കൾ ഇതേ സ്ഥലത്ത് ഒഴുക്കിൽപെട്ട് മരണപ്പെട്ടതായും ഥാമിർ അൽബലവി പറഞ്ഞു. അതേസമയം, ഇന്നലെ മദീനയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിൽ രക്ഷാകർത്താക്കളും അധ്യാപകരും സ്കൂൾ ബസ് ഡ്രൈവർമാരും പ്രതിഷേധം പ്രകടിപ്പിച്ചു. മോശം കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകൾക്ക് അവധി നൽകിയതായി ഇന്നലെ രാവിലെ 6.55 ന് ആണ് മദീന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. അപ്പോഴേക്കും ഭൂരിഭാഗം വിദ്യാർഥികളും അധ്യാപകരും സ്കൂളുകളിലെത്തിയിരുന്നു. മദീനയിൽനിന്ന് ഏറെ അകലെയുള്ള ഗ്രാമപ്രദേശങ്ങളിലെയും മറ്റും സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരെയാണ് വൈകിയെത്തിയ അവധി പ്രഖ്യാപനം ഏറെ കഷ്ടത്തിലാക്കിയത്.