വാഷിങ്ടണ്‍: അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കെ അമേരിക്കയില്‍ ഇനി ഡൊണാള്‍ഡ് ട്രംപിന് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് സര്‍വ്വെ. ഇതിനോടകം തന്നെ ചില സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സ്വയം നിര്‍ദ്ദേശിക്കുകയും ചെയ്തു കഴിഞ്ഞു. മൂന്ന് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വേയിലാണ് 56 ശതമാനം ആളുകള്‍ ഇനിയും അവരുടെ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തിട്ടില്ലെന്ന് പറയുന്നത്.
എന്തു തന്നെയായാലും വരുന്ന തിരഞ്ഞെടുപ്പ് ട്രംപിന് ഹിതകരമല്ലെന്നാണ് സര്‍വ്വെ പറയുന്നത്. ട്രംപ് വീണ്ടും മത്സരിച്ചാല്‍ 56 ശതമാനം ട്രംപിന് വോട്ട് ചെയ്യില്ലെന്ന് സര്‍വ്വെ പറയുന്നു. 28 ശതമാനം റിപ്പബഌക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നവരാണ്. 14 ശതമാനം ട്രംപിനെ പരിഗണിക്കുമെന്ന് പറയുന്നു.
എന്നാല്‍ റിപ്പബഌക്കന്‍ പാര്‍ട്ടിയിലെ മൂന്നിലൊരു ഭാഗം ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും മത്സരിപ്പിക്കുന്നതിന് താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ ബാക്കി വരുന്നവരെല്ലാം തന്നെ ട്രംപിന് അനുകൂലമാണ്. ഡെമോക്രാറ്റിക് ക്യാംപില്‍ സ്ഥാനാര്‍ത്ഥിയാരെന്ന് ഇത് വരെ നിര്‍ണയിച്ചിട്ടില്ല, എങ്കിലും പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ക്കനൂകൂലമാണ് ഇവരുടെ വോട്ടിങ്ങ്.
മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡെന്‍, കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ് എന്നിവര്‍ക്കാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മുന്‍ഗണന ലഭിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ കമല ഹാരിസ് തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നാണ് സൂചന.