ജിദ്ദ- റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ.സി.എഫ്) "ഇന്ത്യന്‍ ജനാധിപത്യം: ഭരണഘടനയും അവകാശങ്ങളും' എന്ന പ്രമേയത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിപാടിയുടെ ഭാഗമായി ജിദ്ദയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമത്തില്‍ സംബന്ധിച്ചവര്‍ ഇന്ത്യയിലെ മനുഷ്യാവകാശ, മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന് അഭിപ്രായപ്പെട്ടു. ജാതി, മത, വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ വ്യത്യസ്തമായ നമ്മുടെ ഇന്ത്യ ഇന്ന് ദൗര്‍ഭാഗ്യവശാല്‍ വര്‍ഗീയ വാദികളും മതേതരവാദികളും എന്ന രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഇതിനെ നേരിടുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള കടുത്ത വെല്ലുവിളിയെന്നും ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്ത അറബ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ സിറാജ് വഹാബ് അഭിപ്രായപ്പെട്ടു. ലോകം ഒന്നടങ്കം ആശങ്കയോടെ ഇന്ത്യാ മഹാരാജ്യത്തെ മാറ്റങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും രാജ്യം നഷ്ടപ്പെട്ട പഴയ മൂല്യങ്ങളിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ രാജ്യത്ത് പുതിയൊരു ജനറേഷന് സൃഷ്ടിക്കപ്പേടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഡി സര്‍ക്കാരിനുള്ള പിന്തുണ 31 ശതമാനമാണെങ്കില്‍ അപ്പുറത്തുള്ള 69 ശതമാനം മതേതര മനസ്സ് നമ്മള് കാണാതെ പോവരുത്. മാറ്റിമറിക്കപ്പെട്ട സനാതന മൂല്യങ്ങള്‍ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും ഇതിനായി എല്ലാവരും ശുഭാപ്തി വിശ്വാസത്തോടെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പറഞ്ഞു.
മുസ്തഫ സഅദി ക്ലാരി വിഷയാവതരണം നടത്തി. മുസ്തഫ വാക്കാലൂര്‍ (എഫ്.ഐ.ടി), നാസര്‍ വെളിയംകോട് (കെ.എം.സി.സി), ഹസ്സന് ചെറൂപ്പ (സൗദി ഗസറ്റ്), ഇഖ്ബാല്‍ പൊക്കുന്ന് (ഒ.ഐ.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), മന്‍സൂര്‍ ചുണ്ടമ്പറ്റ (ആര്.എസ്.സി.) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഷറഫിയ മര്‍ഹബയില്‍ നടന്ന പരിപാടിയില്‍ അബ്ദുറഹ്മാന് മളാഹിരി അധ്യക്ഷത വഹിച്ചു. ബശീര്‍ എറണാകുളം മോഡറേറ്ററായിരുന്നു. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സ്വാഗതവും ബശീര്‍ മാസ്റ്റര്‍ പറവൂര്‍ നന്ദിയും പറഞ്ഞു.