തിരുവനന്തപുരം- എം.എല്‍.എമാര്‍ അല്‍പ്പനേരം ലിഫ്റ്റില്‍ കുടുങ്ങി. നിയമസഭ മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് ലിഫ്റ്റ് അല്‍പ്പനേരം പണിമുടക്കിയത്. ഷിബു ബേബി ജോണ്‍, ഡോ.എം .കെ മുനീര്‍, കെ.എം.ഷാജി. ഡോ.എന്‍. ജയരാജ് എന്നിവരാണ് ലിഫ്റ്റിലുണ്ടായിരുന്നത്. ലിഫ്റ്റ് പ്രവര്‍ത്തിക്കായതു മുതല്‍ ഷാജി നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നു. തമാശയായി പറഞ്ഞതെല്ലാം ലിഫ്റ്റില്‍പ്പെട്ടവരെ വെറുതെ പേടിപ്പിക്കുന്ന കാര്യങ്ങള്‍. ആര്യാടന്‍ മുഹമ്മദ് ലിഫ്റ്റിലുണ്ടായിരുന്നുവെങ്കില്‍ ബോധം കെട്ട് വീഴുമായിരുന്നു എന്നൊക്കെ ഷാജി പറഞ്ഞു തുടങ്ങിയപ്പോഴും ലിഫ്റ്റ് അനങ്ങാപ്പാറ നയം മാറ്റിയിരുന്നില്ല. ലിഫ്റ്റില്‍ കുടുങ്ങിയവരില്‍ എം.എല്‍.എമാരുണ്ടെന്ന കാര്യം ലിഫ്റ്റ് ഓപ്പറേറ്റര്‍ കണ്‍ട്രോള്‍ സെന്ററിലേക്ക് വിളിച്ചറിയിക്കുന്നത് കേട്ടപ്പോള്‍ ഷാജിയുടെ അടുത്ത കമന്റ് 'നമ്മളാണ് ഇതിനകത്തെന്ന് പറയരുതെ. അവിടെ കുടുങ്ങട്ടെ എന്ന് വിചാരിച്ചു കളയും.' ലിഫ്റ്റില്‍ നിന്ന് ഒരു ശബ്ദം കേട്ടപ്പോള്‍ ' എത്തിയോ' എന്ന കോറസ് ചോദ്യം. ഇല്ല ഇടയിലാണ് എന്നാരോ പറഞ്ഞപ്പോള്‍ അതെ നമ്മളിപ്പോള്‍ ബയിന ഹുമയിലെന്ന് ഷാജിയുടെ അടുത്ത കമന്റ്. ഏതായാലും അപ്പോഴേക്കും ലിഫ്റ്റ് പുറത്തുനിന്ന് തുറന്നിരുന്നു. സ്റ്റൂള്‍ വെച്ച് പ്രയാസപ്പെട്ട് കയറി പുറത്തേക്ക്. ആദ്യം കടന്നത് ഷിബു ബേബി ജോണ്‍. പിന്നാലെ മറ്റുള്ളവര്‍. എം. എല്‍.എമാര്‍ ഓരോരുത്തരായി പ്രയാസപ്പെട്ട് പുറത്ത് വരുന്നത് കണ്ട് സഹ എം.എല്‍.എമാര്‍ അടുത്ത് വന്ന് കാര്യം തിരക്കി.