കൊച്ചി- അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന എം.ഐ. ഷാനവാസിന്റെ വസതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ എളിമ പലപ്പോഴും തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തരേന്ത്യക്കാരുടെ വീടുകളെ അപേക്ഷിച്ച് കേരളത്തിലെ നേതാക്കളുടെ വീടുകള്‍ ചെറുതും സാധാരണവുമാണ്. എന്നാല്‍, വടക്കേയിന്ത്യയില്‍ പലര്‍ക്കുമുള്ളത് കൊട്ടാരങ്ങളാണ്- അദ്ദേഹം പറഞ്ഞു.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള വീട്ടില്‍ പത്തുമിനിറ്റിലധികം രാഹുലും സംഘവും ചെലവിട്ടു. എ.കെ. ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, ശശി തരൂര്‍, കെ.വി. തോമസ് എന്നിവര്‍ പിന്നാലെയെത്തി. ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. പിതാവിനോടുള്ള സ്നേഹവും ആദരവുമാണ് രാഹുലിന്റെ സന്ദര്‍ശനത്തിനു കാരണമെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമിനാ ഷാനവാസ് പറഞ്ഞു.