ന്യൂദൽഹി- ബോർഡ് പരീക്ഷകളിൽ മാറ്റങ്ങൾക്കൊരുങ്ങി സി.ബി.എസ്.ഇ. ഇക്കണോമിക്‌സ്, സയൻസ് വിഷയങ്ങൾക്ക് പുറമേ അടുത്ത വർഷം മുതൽ ഹ്യുമാനിറ്റീസ് വിഷയങ്ങൾക്കും പ്രാക്ടിക്കൽ പരീക്ഷകൾ ഏർപ്പെടുത്താനാണ് സി.ബി.എസ്.ഇ ഒരുങ്ങുന്നത്.
പ്രായോഗിക പരീക്ഷകൾക്ക് അനുവദിച്ചിട്ടുള്ള മാർക്ക് ഉയർത്താനും ആലോചനയുണ്ട്. അടുത്ത അധ്യയന വർഷം മുതൽ ഈ മാറ്റങ്ങൾ നിലവിൽ വരും. 2020 ലെ ബോർഡ് പരീക്ഷകൾ ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയാകും നടത്തുന്നത്. കാണാപ്പാഠം പഠിക്കുന്നത് ഒഴിവാക്കി പ്രായോഗിക അടിസ്ഥാനത്തിൽ പരീക്ഷകൾ നടത്താനാണ് സി.ബി.എസ്.ഇ ലക്ഷ്യമിടുന്നത്. ഭാഷാ പരീക്ഷകളിലും പ്രാക്ടിക്കൽ പരീക്ഷാ രീതികളും പ്രൊജക്ടുകളും അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
പ്രായോഗിക പരീക്ഷകൾ നടപ്പാക്കുമ്പോൾ സ്‌കൂൾ അധ്യാപകരുടെ പങ്ക് വർധിപ്പിക്കും. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾക്കാകും പരീക്ഷകളിൽ കൂടുതൽ പ്രാധാന്യം നൽകുക. അധ്യാപകർക്കും വിദ്യാർഥികൾക്കും മതിയായ സമയം നൽകിയായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നും സി.ബി.എസ്.ഇ അധികൃതർ വ്യക്തമാക്കി.