ഹഫർ അൽബാത്തിൻ - കൊലക്കേസ് പ്രതിയായ ഫിലിപ്പിനോ വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീട്ടുടമയായ സൗദി പൗരൻ ഹുമൈദ് ബിൻ തുർക്കി ബിൻ ഹായിഫ് അൽഫദ്‌ലിയെ കുത്തിക്കൊന്ന കേസിലാണ് ഫിലിപ്പിനോ യുവതി റോസിലിയ ബാകോനക്ക് വധശിക്ഷ നടപ്പാക്കിയത്. ഉറങ്ങിക്കിടക്കുന്നതിനിടെ സൗദി പൗരന്റെ മുഖത്ത് കത്തി ഉപയോഗിച്ച് ആഞ്ഞുകുത്തിയാണ് വേലക്കാരി കൊലപാതകം നടത്തിയത്. സൗദി പൗരന്റെ മകളെയും ഫിലിപ്പിനോ യുവതി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ യുവതി പലതവണ കുത്തിപ്പരിക്കേൽപിക്കുകയും ചുറ്റിക ഉപയോഗിച്ച് ശിരസ്സിലും മുഖത്തും അടിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൃത്യത്തിനു ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഫിലിപ്പിനോ യുവതി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
കേസിൽ അറസ്റ്റിലായ വേലക്കാരിക്ക് കീഴ്‌കോടതി വധശിക്ഷ വിധിച്ചു. ഇത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകുകയും ചെയ്തതിനെ തുടർന്നാണ് പ്രതിയെ ഇന്നലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിൽ വധശിക്ഷക്ക് വിധേയയാക്കിയത്.