ലഖ്‌നൗ- ബാബ്‌രി മസ്ജിദ് കേസില്‍ കേന്ദ്ര ഇടപെടലിനെ സ്വാഗതം ചെയ്ത് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും വിശ്വ ഹിന്ദു പരിഷത്തും.
അയോധ്യ തര്‍ക്കത്തില്‍ പെടാത്തതും അക്വയര്‍ ചെയ്തതുമായ ബാക്കി ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയുടെ അനുമതി തേടിയിരുന്നു.കോടതിയുടെ 2003 ലെ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് റിട്ട് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ബാബ് രി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന്റെ ഭാഗമല്ലാത്തതും അധികം വരുന്നതുമായ ഭൂമി, രാമക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച ട്രസ്റ്റിനു കൈമാറാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ വാദം കേള്‍ക്കേണ്ടിയിരുന്ന ബാബ്‌രി മസ്ജിദ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അഭാവത്തില്‍ മാറ്റിവെക്കുകയായിരുന്നു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. ജസ്റ്റിസ് യു.യു. ലളിത് സ്വമേധയാ പിന്മാറിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി പുതിയ ബെഞ്ച് രൂപീകരിച്ചത്.
ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ ദീര്‍ഘനാളായി കേന്ദ്രം രാമ ക്ഷേത്ര നിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. നേരത്തെ, കോടതി നടപടി പൂർത്തിയാക്കുന്നത് വരെ രാമക്ഷേത്ര നിർമാണം സംബന്ധിച്ച് യാതൊരു വിധത്തിലുളള ഉത്തരവും ഇറങ്ങില്ലെന്ന് നരേന്ദ്ര മോഡി. വ്യക്തമാക്കിയിരുന്നു. 'നിയമ നടപടികൾ പൂർത്തിയാവട്ടെ' എന്നാണ് ഇന്ന് ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോഡി പറഞ്ഞത്.പക്ഷെ, ബിജെപി രാമക്ഷേത്രം നിര്‍മിക്കും എന്ന് അമിത് ഷാ പറഞ്ഞിരുന്നു.
രാമക്ഷേത്ര നിർമാണ വിഷയത്തിൽ എൻ ഡി എയിലെ ചില കക്ഷികളും ബി ജെ പിയും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. ബീഹാർ മുഖ്യമന്ത്രിയും എൻ ഡി എയിലെ പ്രബല കക്ഷിയായ ജനതാ ദൾ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാർ ബി ജെ പി നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. രാമക്ഷേത്ര നിർമാണം എൻ ഡി എയുടെ അജണ്ട അല്ലെന്ന് നിതീഷ്‌കുമാർ പറഞ്ഞിരുന്നു.