Sorry, you need to enable JavaScript to visit this website.

മകളില്ലാത്ത സങ്കടം തീര്‍ക്കാന്‍ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി

ന്യൂദല്‍ഹി- രണ്ടു മാസത്തിനിടെ എട്ടു വയസ്സായ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ ഡ്രൈവര്‍ പോലീസിനോട് പറയുന്നത് വിചിത്രമായ കാരണം. വ്യത്യസ്ത സമയങ്ങളില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ ഉപദ്രവമൊന്നും ഏല്‍പിക്കാതെ സുരക്ഷിതമായി തിരികെ എത്തിച്ചിരുന്നു. മകളെ വളര്‍ത്താനുള്ള തന്റെ മോഹമാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള കാരണമായി പോലീസ് പിടിയിലായ കൃഷന്‍ ദത്ത് തിവാരി പറയുന്നത്.
40 കാരനായ ഇയാള്‍ക്ക് 14 ഉം 12 ഉം വയസ്സായ ആണ്‍മക്കളുണ്ട്.
രണ്ടാമത്തെ പെണ്‍കുട്ടിയെ തിരികെ എത്തിക്കുന്ന സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
കീര്‍ത്തി നഗറിലെ ജവഹര്‍ക്യാമ്പില്‍ താമസക്കുന്ന ഒരാള്‍ തന്റെ എട്ടു വയസ്സായ മകളെ കാണാനില്ലെന്ന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടി അടുത്ത ദിവസം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. തന്നെ ഒരു പൊതുശൗചാലയത്തില്‍നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.
പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് മറ്റുലക്ഷ്യങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മോണിക്ക ഭരദ്വാജ് പറഞ്ഞു. രണ്ടു മാസം മുമ്പ് ഇതുപോലെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയേയും സുരക്ഷിതമായി അവളുടെ വീട്ടില്‍ എത്തിച്ചിരുന്നു.
 

Latest News