പനാജി- റഫേല്‍ ഇടപാട് സംബന്ധമായ രഹസ്യങ്ങള്‍ ഗോവന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗോവയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് രാഹുല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരീക്കറിനെ സന്ദര്‍ശിച്ചത്. സന്ദര്‍ശനം വെറും വ്യക്തിപരമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അസുഖ ബാധിതനായിക്കഴിയുന്ന പരീക്കര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചതായും ട്വീറ്റില്‍ പറയുന്നു.
നേരത്തെ, റഫേല്‍ കരാറിനെക്കുറിച്ച് പരീക്കറിന്റെ പക്കല്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നും പരീക്കറിന്റെ പക്കലുളള കേന്ദ്ര സര്‍ക്കാരിനെതിരെയുളള വിവരങ്ങള്‍ അടങ്ങിയ ഓഡിയോ ടേപ്പ് പരീക്കറിന്റെ ഓഫീസില്‍ ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു
ഒക്‌ടോബര്‍ 14 ന് ദല്‍ഹി എയിംസില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പൊതുപരിപാടികളില്‍ പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
പരീക്കര്‍ക്ക് പാന്‍ക്രിയാസ് കാന്‍സറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.