Sorry, you need to enable JavaScript to visit this website.

ലയനം കൊണ്ട് വേണ്ട ഗുണം കിട്ടിയില്ലെന്ന് മാണി; ജോസഫുമായി  അകലുന്നു

കോട്ടയം-ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പതിവ് തമ്മിലടിയുമായി കേരള കോണ്‍ഗ്രസ്. ലയനത്തിന് ശേഷം മുതല്‍ തന്നെ തുടര്‍ന്ന മാണി-ജോസഫ് ഭിന്നതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ജോസഫിനെ കൂട്ടിയതിന്റെ ഫലം കിട്ടിയില്ലെന്നാണ് മാണി തുറന്നടിക്കുന്നത്. ജോസ് കെ മാണിയുടെ കേരള യാത്രക്കെതിരെ ജോസഫും വിമര്‍ശമുന്നയിച്ചു.
പാര്‍ട്ടിയില്‍ ഭിന്നതകളില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറയുന്നുവെങ്കിലും കാര്യം അങ്ങനെയല്ലെന്നതാണ് വാസ്തവം. ജോസ് കെ. മാണിയുടെ കേരളായാത്ര പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും. യാത്ര ഉദ്ഘാടനം ചെയ്തതു പി.ജെ. ജോസഫാണെന്നും മാണി പറഞ്ഞു. പി.ജെ. ജോസഫ് ഭിന്നാഭിപ്രായം പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടില്ല. ലയനത്തിന്റെ ഗുണം തനിക്കു കിട്ടിയിട്ടില്ല. 100 ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചു, 90 ശതമാനമാണു കിട്ടിയെതെന്നും മാണി പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു രണ്ടു സീറ്റിന് അര്‍ഹതയുണ്ടെന്നും കെ.എം. മാണി പറഞ്ഞു. രണ്ടു സീറ്റ് വേണമെന്നു പി.ജെ. ജോസഫ് പറഞ്ഞതില്‍ തെറ്റില്ല. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ലഭിച്ചില്ലെന്നു പി.ജെ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ജോസ് കെ. മാണിയുടെ കേരള യാത്രയെന്ന് ജോസഫ് തുറന്നടിച്ചു. 

ജോസ് കെ. മാണിയുടെ യാത്രക്കു പാര്‍ട്ടിയില്‍നിന്നു കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതു ശ്രദ്ധയില്‍പെടുത്തിയപ്പോഴാണു വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് യാത്ര സംഘടിപ്പിച്ചതെന്ന പരാതിയുളള കാര്യം ജോസഫ് വെളിപ്പെടുത്തിയത്. ജോസ് കെ. മാണിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള മാണി വിഭാഗത്തിന്റ നീക്കമാണ് യാത്രയെന്ന ചിന്തയാണ് ജോസഫിന്റെ എതിര്‍പ്പിന് കാരണം.
 

Latest News