Sorry, you need to enable JavaScript to visit this website.

സ്ഥലം വാങ്ങാന്‍ ആരെങ്കിലുമുണ്ടോ? കതുവ പെണ്‍കുട്ടിയുടെ കുടുംബം നാടുവിടുന്നു

കതുവ- ഇവിടെ എനിക്കിപ്പോള്‍ എന്റെ നാടു പോലെ തോന്നുന്നതേയില്ല. മനസ്സില്‍ ഒട്ടും സമാധാനമില്ല. വീടും സ്ഥലവും ഉള്ളതു കൊണ്ട് മാത്രമാണ് ഇങ്ങോട്ടുവന്നത്. ഇല്ലെങ്കില്‍ ഒരിക്കലും ഇവിടേക്ക് വരില്ല- രാജ്യത്തെ നടുക്കിയ ക്രൂരതക്കിരയായി കൊല്ലപ്പെട്ട കതുവ പെണ്‍കുട്ടിയുടെ പിതാവിന്റെ വാക്കുകളാണിത്.

ഒരുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഡിസംബറില്‍ ജമ്മു കതുവ ജില്ലയിലെ രസന ഗ്രാമത്തില്‍ എത്തിയ അദ്ദേഹം ഒരു മാസത്തിനുശേഷം സാംബയിലേക്ക് പോകുകയാണ്. ഭൂമിയും വീടും വാങ്ങാന്‍ അവിടെ ആരെയെങ്കെലും കണ്ടെത്താകുമെന്നാണ് പ്രതീക്ഷ. ബദല്‍ സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെങ്കില്‍ ഇവിടെനിന്ന് കഴിയും വേഗം മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആടുകളെ മേയ്ച്ചുകൊണ്ട് എല്ലാവര്‍ഷവും ബക്കര്‍വാള്‍ സമുദായം ചെയ്യാറുള്ളതുപോലെ കശ്മീര്‍ താഴ്‌വരയിലൂടെ ഭാര്യയോടും ഒരു വേലക്കാരനോടുമൊപ്പമാണ് അദ്ദേഹം ജമ്മുവിലെത്തിയത്. കശ്മീരിലെ കൊടുംതണുപ്പില്‍നിന്ന് രക്ഷപ്പെടാനാണ് ഗുജ്ജാറുകള്‍ ചെയ്യാറുള്ളതുപോലെ ഇവരും ജമ്മുവില്‍ മടങ്ങി എത്തുന്നത്.
കൗമാരക്കാരായ ആണ്‍മക്കള്‍ ഇക്കുറി കുടുംബത്തോടൊപ്പം രസനയില്‍ വന്നിട്ടില്ല. അനുജത്തിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് താങ്ങാനാവില്ലെന്നതിനു പുറമെ, ഇവിടേക്ക് വരാതിരിക്കാന്‍ ഭയവും ഒരു കാരണമാണെന്ന്  അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന് 24 മണിക്കൂറും പോലീസ് സംരക്ഷണമുണ്ട്.
സമീപത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി പിച്ചിച്ചീന്തിയ ശേഷം കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ മൃതദേഹം കഴിഞ്ഞ വര്‍ഷം ജനുവരി 17 നാണ് രസനക്കു സമീപത്തെ കാട്ടില്‍ കണ്ടെത്തിയിരുന്നത്. അതിന് ഒരാഴ്ച മുമ്പ് കുതിരകളെ മേയ്ക്കാന്‍ പോയ അവള്‍ വീട്ടിലേക്ക് മടങ്ങിവന്നിരുന്നില്ല.
ദേവസ്ഥാനത്തേക്ക് തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി മയക്കുമരുന്ന് നല്‍കിയ ശേഷം ക്രൂരമായി പീഡിപ്പിച്ചുവെന്നും പിന്നീട് കൊലപ്പെടുത്തിയെന്നും ഏപ്രല്‍ ഒമ്പതിന് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 
രസന ഉള്‍പ്പെടുന്ന ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശത്തുനിന്ന് മുസ്്‌ലിം ബക്കര്‍വാള്‍ സമുദായത്തെ ആട്ടിപ്പായിക്കുകയെന്ന ലക്ഷ്യം കൂടി അക്രമികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത നാലു പേരടക്കം എട്ടു പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.
കതുവ പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളാണ് അയല്‍ ജില്ലയായ സാംബയിലുള്ളത്. ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം അവരോട് ബന്ധുക്കളെ വിളിച്ചുചേര്‍ത്ത്  മകള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രമായതിനാല്‍ ഫാത്തിഹ ഓതിയതിനുശേഷം അവള്‍ക്കു വേണ്ടി മനമുരുകി പ്രാര്‍ഥിച്ചു- അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഇവിടെ എത്തിയപ്പോള്‍ കാലിത്തീറ്റയും വൈക്കോലും നല്‍കാന്‍ എല്ലാവരും മടിച്ചുവെന്നും മറ്റു സ്ഥലങ്ങളില്‍ പോയാണ് അവ ശേഖരിച്ചതെന്നും അദ്ദേഹം പറയുന്നു.  രസനയില്‍ അവശേഷിക്കുന്ന ഏക മുസ്്‌ലിം കുടുംബമാണിത്.
പ്രതികളുടെ കുടുംബത്തില്‍ പെട്ടവരാണ് ഇവിടെ കൂടുതലെന്നും അവരാണ് തങ്ങളെ ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളായ പ്രതികളെ രക്ഷിക്കാന്‍ ഹിന്ദു ഏകതാ മഞ്ച് രൂപീകരിച്ച് പ്രക്ഷോഭം നടത്തിയത് കഴിഞ്ഞ വര്‍ഷം വര്‍ഗീയ ചേരിതിരിവിന് കാരണമായിരുന്നു.

 

Latest News