സൂറത്ത്- ഗുജറാത്തിലെ നവ്സാരി ജില്ലയിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഗണ്ഡേവയില് 'പുറത്തു നിന്നുള്ള ക്രിസ്ത്യാനില്‍ പ്രവേശിക്കരുത്' എന്ന മുന്നറിയിപ്പുമായി പരസ്യ ബോര്‍ഡ്. ഗോത്ര ഹിന്ദുക്കളെ പുറത്തു നിന്നുവരുന്ന ക്രിസ്ത്യാനികള്‍ മതംമാറ്റുന്നത് തടയാനാണിതെന്ന് ഗ്രാമീണര്‍ പറയുന്നു. ഗ്രാമത്തിലേക്കു പ്രവേശിക്കുന്നിടത്താണ് ഗുജറാത്തി ഭാഷയിലുള്ള ഈ വിലക്ക് അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ക്രിസത്യന്‍ സഹോദരീ സഹോദരന്മാര് ഹരിപുര സ്ട്രീറ്റില്‍ പ്രവേശിക്കരുതെന്നാണ് ഒരു വാചകം. ഈ ഗ്രാമത്തില്‍ 7,500ഓളമാണ് ജനസംഖ്യ. ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍പ്പെട്ട ഹല്‍പതി വിഭാഗക്കാരാണ് ഇവരില്‍ ഭൂരിപക്ഷവും. ബാക്കിയുള്ളവര്‍ ബക്ഷിപഞ്ച് വിഭാഗക്കാരും. ഈ ഗ്രാമത്തില്‍ ആയിരത്തിനടുത്ത് ക്രിസ്ത്യന്‍ വിശ്വാസികളുമുണ്ട്.
"ഞങ്ങളുടെ ഗ്രാമത്തില്‍ ക്രിസ്തു മതം പ്രചരിക്കുന്നതു മൂലം ഹിന്ദുക്കള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇപ്പോള്‍ ഇവിടെ 900-ലേറെ ക്രിസ്ത്യാനികളുണ്ട്. 70 ആദിവാസി വീടുകളില്‍ 12 കുടുംബങ്ങളും ക്രിസ്തുമതത്തിലേക്ക് മാറി. എല്ലാ ഞായറാഴ്ചകളിലും രാവിലെ സമീപ ജില്ലകളില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിതര്‍ ഇവിടെ വന്ന് പ്രചാരണം നടത്തുന്നു. നിഷ്ക്കളങ്കരായ ആദിവാസികളെ ആകര്‍ഷിച്ച് അവരെ ക്രിസ്തു മതത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്," ഗ്രാമത്തിലെ ഉപ സര്‍പഞ്ച് ജയന്തി മിസ്ട്രി പറയുന്നു.
എട്ടു വര്‍ഷം മുമ്പാണ് ക്രിസ്ത്യാനികള്‍ ഇവിടെ ഒരു പ്രാര്‍ത്ഥനാ ഹാള്‍ നിര്‍മ്മിച്ച് മതപരിവര്‍ത്തനം ആരംഭിച്ചതെന്ന് ഗ്രാമ മുഖ്യന് സതീഷ് കഠാരിയ പറയുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം മറ്റൊരു പ്രാര്‍ത്ഥനാ ഹാളും നിര്‍മ്മിച്ചു. പിന്നീട് രണ്ടെണ്ണം കൂടി നിര്‍മ്മിച്ചു. പ്രദേശത്തെ ഹിന്ദുക്കള്‍ ഇനി ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍ ഹരിപുര സ്ട്രീറ്റില്‍ വേണ്ടെന്നാണ് ആവശ്യപ്പെടുന്നത്. അതു കൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള ബോര്‍ഡ് സ്ഥാപിച്ചത്. ചെറിയ ജോലികള്‍ ചെയ്യുന്ന കര്‍ഷക തൊഴിലാളികളെയാണ് മതംമാറ്റിയിരികകുന്നതെന്നും അദ്ദേഹം പറയുന്നു. ഈ ബോര്‍ഡിനെ ആരും എതിര്‍ത്തിട്ടില്ലെന്നും എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറയുന്നു. ഗ്രാമീണരോട് സമാധാനന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവമറിഞ്ഞ് കഴിഞ്ഞ ദിവസം പോലീസ് ഗ്രാമത്തിലെത്തി അന്വേഷണം നടത്തി. എന്നാല്‍ ബോര്‍ഡ് നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടില്ല.