Sorry, you need to enable JavaScript to visit this website.

രാഹുല്‍ വാഗ്ദാനം ചെയ്ത മിനിമം വരുമാന പദ്ധതി ഇതാണ്; അറിയേണ്ടതെല്ലാം

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലുടനീളം എല്ലാ പാവപ്പെട്ടവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചില വികസിത രാജ്യങ്ങളില്‍ നിലവിലുള്ള ഈ പദ്ധതിയിലൂടെ മുന്‍ യുപിഎ സര്‍ക്കാരിന്റെ ജനക്ഷേമ മുഖം തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. ആഗോള തലത്തിലുള്ള സാര്‍വത്രിക അടിസ്ഥാന വരുമാനം (Universal Basic Income- UBI) എന്ന ആശയമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതിയുടെ കാതല്‍. എന്നാല്‍ ഇതു UBI അല്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം വ്യക്തമാക്കുന്നു. തീര്‍ച്ചയായും സാര്‍വത്രിക അടിസ്ഥാന വരുമാനം എന്ന ആശയത്തില്‍ നിന്നും ചിലത് കടംകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്താണ് സാര്‍വത്രിക അടിസ്ഥാന വരുമാനം?
2016-17-ലെ സാമ്പത്തിക സര്‍വെ റിപോര്‍ട്ടിലാണ് ഈ ആശയം ഇന്ത്യയില്‍ ആദ്യമായി മുന്നോട്ടു വയ്ക്കപ്പെട്ടത്. ഇത് മറ്റു സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് മികച്ച ഒരു ബദലാണ്. ഒരു രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു നിശ്ചിത തുക വരുമാനമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. ദാരിദ്ര നിര്‍മാര്‍ജ്ജനം അല്ലെങ്കില്‍ ഓരോ പൗരന്റേയും അതിജീവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ഒരു നിശ്ചിത തുക സര്‍ക്കാര്‍ നേരിട്ടു നല്‍കും. ഇതിന് ഒരു ഉപാധിയും ഉണ്ടാവില്ല. ഇതില്‍ നിന്നും ഉരുത്തിരിച്ചെടുത്തതാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പാവപ്പെട്ടവര്‍ക്കുള്ള മിനിമം വരുമാനം. ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം നിശ്ചിത വരുമാനം ഉറപ്പുവരുത്തുന്നതാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതി. ദരിദ്രര്‍ക്ക് ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു മാതൃക 2016-17 സാമ്പത്തിക സര്‍വെയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഈ പദ്ധതി എങ്ങനെ?
സാമ്പത്തിക വിദഗ്ധന്‍ സുരേഷ് ടെണ്ടുല്‍ക്കറുടെ ദാരിദ്ര രേഖാ ഫോര്‍മുല പ്രകാരം ഒരു വ്യക്തിക്ക് ജീവിക്കാന്‍ ഒരു വര്‍ഷം ആവശ്യമായ മിനിമം വരുമാനം 7,620 രൂപയാണ്. ഈ കണക്കു പ്രകാരം മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതിക്ക് ഇന്ത്യയുടെ ജി.ഡി.പിയുടെ 4.9 ശതമാനം ചെലവ് വരുമെന്ന് സാമ്പത്തിക സര്‍വെ കണക്കാക്കിയിരുന്നു. നിലവില്‍ എല്ലാ കേന്ദ്ര ക്ഷേമ പദ്ധതികള്‍ക്കും, കേന്ദ്രം സഹായിക്കുന്ന പദ്ധതികള്‍ക്കുമായി വരുന്നത് ജി.ഡി.പിയുടെ 5.2 ശതമാനമാണ്.

ആധാര്‍ ഉപയോഗിച്ച് ഗുണഭോക്താക്കള്‍ക്ക് പണം നേരിട്ട് കൈമാറുന്ന രീതിയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. സ്ത്രീകള്‍, മുതിര്‍ന്നവര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ഈ പദ്ധതി നടപ്പാക്കണമെന്നും സാമ്പത്തിക സര്‍വെ നിര്‍ദേശിച്ചിരുന്നു.

ചോദ്യങ്ങള്‍ ഉയരാന്‍ കാരണം?
ടെണ്ടുല്‍ക്കറുടെ ദാരിദ്ര്യരേഖാ ഫോര്‍മുല ഇന്ത്യയിലെ ദരിദ്രരുടെ ദാരിദ്ര്യ നില അളക്കുന്നതില്‍ അപര്യാപ്തമാണെന്ന വിമര്‍ശനമുണ്ട്. ജനസംഖ്യയുടെ 22 ശതമാനമാണ് ഈ ഫോര്‍മുല പ്രകാരം ദരിദ്രരായിട്ടുള്ളത്. എന്നാല്‍ സി. രംഗരാജന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കണക്കു പ്രകാരം ജനസംഖ്യയുടെ 29.5 ശതമാനം ദരിദ്ര കുടുംബങ്ങളാണ്. അതേസമയം നിതി ആയോഗ് കണക്കിലെടുക്കുന്നത് ടെണ്ടുല്‍ക്കറുടെ ഫോര്‍മുലയാണ്.

ഇന്ത്യയില്‍ സമാന പദ്ധതികള്‍ നേരത്തെ തന്നെ നിലവിലുണ്ട്
ചെറിയ തോതിലാണെങ്കിലും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം നല്‍കുന്ന വിവിധ പദ്ധതികള്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലിവിലുണ്ട്. പക്ഷെ വളരെ ചെറിയ തോതിലാണെന്നു മാത്രം. ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം 1995 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. ഇതിനായി കേന്ദ്രം ചെലവഴിക്കുന്നത് 300 കോടി രൂപയില്‍ താഴെ മാത്രമാണ്. എന്നാല്‍ ഈ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ തൃപ്തരല്ല. ഇന്ത്യയിലെ വരുമാന വൈവിധ്യവും പുതിയ മിനിമം വരുമാന പദ്ധതി നടപ്പിലാക്കുന്നത് പ്രയാസമേറിയ ജോലിയാക്കി മാറ്റും.

Latest News