ഭോപ്പാല്‍-മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സംഘ്പരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയ ആര്‍എസ്എസ് നേതാവിന്റെ കൊലപാതകക്കേസില്‍ വഴിത്തിരിവ്. കഴിഞ്ഞ ആഴ്ചയാണ് ആര്‍എസ്എസ് നേതാവായ ഹിമ്മത്ത് പാട്ടീദാറിന്റെ മൃതശരീരം സ്വന്തം പറമ്പില്‍ കണ്ടെത്തിയത്. തീപൊളളലേറ്റ് തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു മൃതശരീരത്തിന്റെ മുഖം. കൊലപാതകത്തിന് ശേഷം മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കം കോണ്‍ഗ്രസ് ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാരോപിച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ മൃതശരീരത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കയച്ച അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ്. കൊല്ലപ്പെട്ടത് ഹിമ്മത്ത് അല്ലെന്ന് സംഘം കണ്ടത്തി. ഹിമ്മത്ത് ജോലിക്കാരനായ മദന്‍ മാളവ്യയെ കൊന്ന് ഒളിവില്‍ പോയതാകാമെന്ന് സംഘം കരുതുന്നു. ജനുവരി 23 നാണ് ഹിമ്മത്തിന്റെ അച്ഛന്‍ തന്റെ മകന്‍ കൊല്ലപ്പെട്ടു എന്നു പറഞ്ഞ് പൊലീസിനെ സമീപിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ മൃതദേഹവും തൊട്ടടുത്ത് ഹിമ്മത്തിന്റെ ആധാര്‍ കാര്‍ഡും മറ്റു രേഖകളും ഒരു ഡയറിയും കണ്ടത്തി. അന്വേഷണത്തിനിടയില്‍ ജോലിക്കാരന്‍ മദന്‍ മാളവ്യയെ ജനുവരി 22 മുതല്‍ കാണാനില്ലെന്നും അന്വേഷണ സംഘം കണ്ടത്തി. തന്റെ പേരിലുളള ഇന്‍ഷൂറന്‍സ് തുക വാങ്ങാനാണ് ഹിമ്മത്ത് ക്രൂര കൃത്യം ചെയ്തത് എന്ന് അന്വേഷണ സംഘം കരുതുന്നു.
കൊലപാതകക്കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചതോടെ മധ്യപ്രദേശിലെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.