ന്യൂഡല്‍ഹി- നടപ്പാക്കാവുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസിനെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ലക്ഷ്യം വെച്ചാണെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയങ്ങളെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ സ്വരം കടുപ്പിച്ച നിതിന്‍ ഗഡ്കരി നിറവേറ്റാവുന്ന വാഗ്ദാനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കാവൂ എന്നും ഇല്ലെങ്കിലും ജനത്തിന്റെ പ്രഹരമേല്‍ക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു.
. 'വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയക്കാരെയാണ് ജനങ്ങള്‍ക്ക് ഇഷ്ടം. എന്നാല്‍ അവ നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ ജനങ്ങള്‍ തന്നെ അവരെ പ്രഹരിക്കും. അതു കൊണ്ട് നിറവേറ്റാന്‍ കഴിയുന്ന വാഗ്ദാനങ്ങളെ നല്‍കാവൂ,' അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബിജെപി നേതൃത്വത്തിനെതിരായ ഒളിയാക്രമണമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗഡ്കരിയുടെ പ്രതികരണം. താന്‍ ഇത്തരം നെടുങ്കന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന രാഷ്ട്രീയക്കാരനല്ലെന്നും നല്‍കിയവ 100 ശതമാനം നിറവേറ്റുന്നവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗഡ്കരിയുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉന്നം വച്ചാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഇതു ബിജെപിക്കുള്ള മുന്നറയിപ്പാണെന്നും അവര്‍ പറഞ്ഞു. ഇത് ആദ്യമായല്ല ബിജെപി നേതൃത്വത്തെ ഉന്നംവച്ചുള്ള ഗഡ്കരിയുടെ പരാമര്‍ശങ്ങള്‍. പാര്‍ട്ടി ഭരിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മോഡിക്കു പകരം അടുത്ത തവണ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍ ഈയിടെ ആര്‍എസ്എസ് മേധാവിക്ക് കത്തെഴുതിയത് വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഗഡ്ഗരിക്ക് പല കോണുകളില്‍ നിന്നും പിന്തുണ ഏറുന്നതായും റിപോര്‍ട്ടുണ്ടായിരുന്നു. അതേസമയം പൊതുതെരഞ്ഞെടുപ്പ് അടുക്കുന്തോറും ഗഡ്കരി മുനവച്ച പരാമര്‍ശങ്ങളുമായി മാധ്യമങ്ങളില്‍ നിറയുകയാണ്. റിപ്പബ്ലിക് ദിന പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനൊപ്പം ഇരുന്ന ഗഡ്കരി അദ്ദേഹവുമായി കുശലം പറയുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു.