ന്യൂദല്‍ഹി- വര്‍ഗീയ കലാപക്കേസുകളിലും ആര്‍എസ്എസിനെ വെട്ടിലാക്കിയ കേസുകളിലും കര്‍ക്കശമായ നിലപാടെടുത്ത ദല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലംമാറ്റാന്‍ സുപ്രീം കോടതി കൊളീജയത്തില്‍ നീക്കം നടന്നതായി റിപോര്‍ട്ട്. എന്നാല്‍ മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ ഇടപെട്ടതോടെ ഇതു നടക്കാതെ പോകുകയായിരുന്നെന്നും ഇവര്‍ വിരമിച്ചാല്‍ ഇതു വീണ്ടും സംഭവിച്ചേക്കാമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ജഡ്ജിമാരിലും അഭിഭാഷകരിലും ആശങ്കയും അതൃപ്തിയുമുണ്ടാക്കി, കൊളിജീയം തീരുമാനം ദൂരൂഹമായി തിരുത്തിയും സീനിയോറിറ്റി മറികടന്നും ഈയിടെ നടന്ന ജഡ്ജിമാരുടെ നിയമനത്തോടൊപ്പമാണ് ജസ്റ്റിസ് മുരളിധറിനെ സ്ഥലം മാറ്റാനും നീക്കമുണ്ടായത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് എ.കെ സിക്രി എന്നിവര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസ് മുരളിധറിന്റെ സ്ഥലംമാറ്റം നടക്കാതെ പോയത്. ഇവരില്‍ ജസ്റ്റിസ് ലോക്കൂര്‍ വിരമിച്ചു. ജസ്റ്റിസ് സിക്രി വൈകാതെ വിരമിക്കും. ഇതോടെ ജസ്റ്റിസ് മുരളിധറിന്റെ സ്ഥലംമാറ്റം വീണ്ടും കൊളീജിയത്തിന്റെ പരിഗണനയിലെത്താനിടയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന ഈ മൂന്നംഗ കൊളീജിയം ജസ്റ്റിസ് മുരളിധറിന്റെ സ്ഥലംമാറ്റം ഡിസംബറിലും ജനുവരിയിലുമായി രണ്ടു തവണ ചര്‍ച്ച ചെയ്തിരുന്നു. ഇവയില്‍ ആദ്യത്തേത് ആര്‍.എസ്.എസ് നേതാവ് എസ്. ഗുരുമൂര്‍ത്തിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതിനു പിന്നാലെയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
വര്‍ഗീയ കലാപം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജസ്റ്റിസ് മുരളിധറിന്റെ നീതിപൂര്‍വ്വകമായ പല വിധിന്യായങ്ങളും വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 1986-ലെ യുപിയിലെ ഹാഷിംപുരയില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത പോലീസുകാരെ ശിക്ഷിച്ചതും സിഖ് വിരുദ്ധ കാലപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ ശിക്ഷ വിധിച്ചതും ജസ്റ്റിസ് മുരളിധറിന്റെ ബെഞ്ചായിരുന്നു. കോടതിയെ രൂക്ഷമായി വിമര്‍ശിച്ചതിന് ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതും ജസ്റ്റിസ് മുരളിധറായിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യമായി അദ്ദേഹത്തെ സ്ഥലം മാറ്റാന്‍ നീക്കമുണ്ടായത്. എന്നാല്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിന്നുള്ള ഒരു ജഡ്ജി കൊളീജിയത്തില്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അന്നു നടന്നില്ല. പിന്നീട് സ്റ്റിസ് ലോക്കൂര്‍ വിരമിച്ച ശേഷം കൊളിജീയം മാറിയപ്പോള്‍ സ്ഥലമാറ്റം നീക്കം വീണ്ടും ഉണ്ടായെങ്കിലും നടന്നില്ല.