ബ്രുമാഡിഞ്ഞോ (ബ്രസീൽ)- രണ്ട് ദിവസം മുമ്പുണ്ടായ ഡാം തകർച്ചയുടെ ആഘാതത്തിൽ നിന്ന് കരകയറും മുമ്പ് ബ്രസീലിൽ വീണ്ടും അണക്കെട്ട് പൊട്ടിയതായി അറിയിപ്പ്. തെക്കൻ ബ്രസീലിലെ കൊറേജോ ഡോ ഫീജാവോ ഖനി സമുച്ചയത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് (ജി.എം.ടി 7.30) ലൗഡ് സ്പീക്കറുകളിലൂടെ അധികൃതർ ജനങ്ങളോട് എത്രയും വേഗം വീടുകൾ വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടത്. ഇത് കേട്ട് ആളുകൾ കയ്യിൽ കിട്ടിയതെല്ലാമെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഡാം പൊട്ടിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
വെള്ളിയാഴ്ചയുണ്ടായ ഡാം ദുരന്തത്തിൽ 37 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ 250 ലേറെ പേരെ ഇനിയും കണ്ടെത്താനുള്ളതിനാൽ ദുരന്തം അതിഭീകരമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഡാം പൊട്ടിയതിനെത്തുടർന്ന് ചളിയും മറ്റ് അവശിഷ്ടങ്ങളുമടങ്ങിയ വെള്ളം സമീപ പ്രദേങ്ങളിലേക്ക് കലങ്ങിയൊഴുകുകയായിരുന്നു. 30 ലക്ഷം ഘനയടി വെള്ളമാണ് ഡാമിൽനിന്ന് ഒഴുകിയത്. സമീപത്തെ ജനവാസ കേന്ദ്രങ്ങളിൽ ഒഴുകിയെത്തിയ മലിന ജലം വൻ വെള്ളപ്പൊക്കമുണ്ടാക്കി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ഏറെ നേരം എന്തു ചെയ്യണമെന്നറിയാതെ രക്ഷാ പ്രവർത്തകർ പോലും സ്തംഭിച്ചു. ദുരന്തത്തിൽപെട്ട 192 പേരെ ഇന്നലെ വരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊനാരോ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു.