ജോലോ (ഫിലിപ്പീൻസ്)- തെക്കൻ ഫിലിപ്പീൻസിലെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയായ സുലുവിലെ ജോലോയിൽ ഇന്നലെ കാത്തലിക് ചർച്ചിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കേറ്റു. പ്രവിശ്യക്ക് കൂടുതൽ സ്വയംഭരണം അനുവദിക്കുന്നതിന് അനുകൂലിക്കുന്ന ഹിതപരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെ സമാധാനം പുലരുമെന്ന് കരുതിയിരിക്കവേയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. എന്നാൽ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഈ കുറ്റകൃത്യം ചെയ്തവർ ലോകത്തിന്റെ ഏത് മൂലയിലൊളിച്ചാലും പിടികൂടുമെന്നും അവർക്ക് നിയമത്തിന്റെ ഒരു ദയയുമുണ്ടാവില്ലെന്നും ഫിലിപ്പീൻസ് സർക്കാർ അറിയിച്ചു.
ഇതിനു മുമ്പും ആക്രമണമുണ്ടായിട്ടുള്ള ജോലോയിലെ കത്തീഡ്രലിൽ ഇന്നലെ രാവിലെ ഞായറാഴ്ച കുർബാന നടക്കുമ്പോഴായിരുന്നു സ്‌ഫോടനങ്ങൾ. ആദ്യ സ്‌ഫോടനത്തിൽ ചർച്ചിന്റെ ജനൽ ചില്ലുകൾ പൊട്ടിത്തകരുകയും ഉള്ളിലുണ്ടായിരുന്ന ഏതാനും വിശ്വാസികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ശബ്ദം കേട്ട് പുറത്തുനിന്ന് സുരക്ഷാ ഭടന്മാർ ഓടിയെത്തുമ്പോഴായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സുരക്ഷാ ഭടന്മാരാണെന്നും ബാക്കിയുള്ളവർ സാധാരണക്കാരാണെന്നും അധികൃതർ അറിയിച്ചു.
കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീൻസിലെ തെക്കൻ പ്രവിശ്യകളിൽ മുസ്‌ലിംകളാണ് കൂടുതൽ. ജോലോ ദ്വീപിലാവട്ടെ മുസ്‌ലിംകൾ വൻ ഭൂരിപക്ഷമാണ്. ഇവിടെ സ്വാതന്ത്ര്യ വാദികളായ മുസ്‌ലിം ഗ്രൂപ്പുകൾ വർഷങ്ങളായി ഫിലിപ്പീൻസ് സൈന്യവുമായി ഏറ്റുമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഈ മേഖലക്ക് സ്വയംഭരണാവകാശം നൽകുന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച ഹിതപരിശോധന നടന്നത്. ജനങ്ങൾ ഭൂരിപക്ഷവും സ്വയംഭരണത്തെ അനുകൂലിച്ചതോടെ വിഘടന വാദത്തിന് അറുതിയാവുമെന്നും സമാധാനം പുലരുമെന്നും കരുതിയിരിക്കുമ്പോഴാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.