ന്യൂദൽഹി- ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിന്റെ മൊബൈൽ ഫോൺ കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. സുബോധ് കൊല്ലപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ ഫോൺ പോലീസ് കണ്ടെടുക്കുന്നത്. സുബോധിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രശാന്ത് നട്ടിന്റെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. തെരച്ചിലിനിടെ വേറെ അഞ്ച് ഫോണുകളും ഇയാളുടെ വീട്ടിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.
ബുലന്ദ്ഷഹർ സംഘർഷത്തിലേക്ക് നയിച്ച തെളിവുകൾ കണ്ടെത്താനായി ഫോൺ പരിശോധിച്ചു വരികയാണെന്ന് യു.പി പോലീസ് അറിയിച്ചു. സുബോധ് കുമാറിന്റെ നഷ്ടപ്പെട്ട തോക്കിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണന്നും അന്വേഷണ ഉദ്യോഗസ്ഥൻ അതുൽ ശ്രീവാസ്തവ പറഞ്ഞു.
സംഭവത്തിൽ പ്രശാന്ത് നട്ട് കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. പ്രശാന്തും മറ്റു രണ്ടു പേരും സുബോധിന്റെ തോക്ക് തട്ടിയെടുക്കുന്ന വീഡിയോ പോലീസിന് ലഭിച്ചിരുന്നു. സുബോധിനെ കോടാലി കൊണ്ടാക്രമിച്ച കലുവാ എന്നയാളെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇതുവരെ മുപ്പത് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പശുവിനെ കൊലപ്പെടുത്തി എന്ന ആരോപണവുമായി ഡിസംബർ മൂന്നിനാണ് ബുലന്ദ്ഷഹറിൽ സംഘർഷമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ സുബോധ് സിംഗ് നാനൂറോളം വരുന്ന ആൾക്കൂട്ടത്തിന് നടുവിലാണ് മഴുകൊണ്ടുള്ള വെട്ടേറ്റും, വെടിയേറ്റും കൊല്ലപ്പെട്ടത്.
അതിനിടെ പശുവിനെ കൊന്നു എന്നാരോപിച്ചു അറസ്റ്റിലായവരെ ദേശീയ സുരക്ഷാ നിയമം ചുമത്തി അകത്തിട്ട ഉത്തർ പ്രദേശ് സർക്കാർ പോലീസ് ഇൻസ്‌പെക്ടറുടെ കൊലപാതകത്തിൽ അന്വേഷണം നടത്തുന്നതിൽ അലംഭാവം കാണിക്കുന്നതായി പരക്കേ ആക്ഷേപമുണ്ട്. ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ സംഘപരിവാറുകാരായ പ്രതികളെ കണ്ടെത്തുന്നതിന് നേതൃത്വം നൽകിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാർ സിംഗ്. അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് കുടുംബാംഗങ്ങളടക്കം ആരോപണമുന്നയിച്ചെങ്കിലും ആ വഴിക്കുള്ള അന്വേഷണങ്ങളൊന്നും യു.പി പോലീസ് കാര്യമായി നടത്തിയിട്ടില്ല.