Sorry, you need to enable JavaScript to visit this website.

പ്രിയങ്കക്കെതിരെ വിദ്വേഷ പ്രചാരണം തുടരുന്നു; മനോരോഗമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യുദല്‍ഹി- ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് കളത്തിലിറക്കിയ പ്രിയങ്ക ഗാന്ധിക്കെതിരെ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനവും വിദ്വേഷ പ്രചാരണവും തുടരുന്നു. പ്രിയങ്ക ഗാന്ധിക്ക് പൊതുജീവിതം സാധ്യമല്ലാത്ത മനോരോഗമുണ്ടെന്ന ആരോപണമാണ് ഏറ്റവും ഒടുവില്‍ ഉന്നയിച്ചിരിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്്മണ്യന്‍ സ്വാമിയാണ് ഈ ആരോപണം ഉന്നയിച്ചത്.
പ്രിയങ്കാ ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും പൊതുജീവിതം നയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
''പ്രിയങ്കാ ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡറുണ്ട്. ആളുകളെ ആക്രമിക്കും. പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല. എപ്പോഴാണ് അവരുടെ മാനസിക നില തെറ്റുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കണം.'' -സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
പ്രിയങ്കക്ക് സൗന്ദര്യം മാത്രമാണ് കൈവശമുള്ളതെന്നും അത് വോട്ടായി മാറില്ലെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും ബീഹാര്‍ മന്ത്രിയുമായ വിനോദ് നരേന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് നല്ല നേതാക്കള്‍ ഇല്ലാത്തതിനാലാണ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ വിമര്‍ശം.

Latest News