ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി. ചോക്‌സി ഇപ്പോള്‍ ആന്റിഗ്വന്‍ പൗരനാണെന്നും അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറില്ലെന്നും ആന്റിഗ്വന്‍ ഉദ്യോസ്ഥന്‍ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബാങ്ക് തട്ടിപ്പിലെ മഖ്യപ്രതി ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഇന്ത്യ കരീബിയന്‍ ദ്വീപുകളിലേക്ക് പ്രത്യേക വിമാനം അയച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആന്റിഗ്വ നിലപാട് വ്യക്തമാക്കിയത്.
ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍സിന്റെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ് മാക്‌സ് ഹസ്റ്റാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വരുന്നുവെന്ന വാര്‍ത്ത നിഷേധിച്ചത്. മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരികെ ഏല്‍പിച്ചതിനാല്‍ അദ്ദേഹം ഇനി ഇന്ത്യന്‍ പൗരനല്ലെന്നും പൂര്‍ണമായും ആന്റിഗ്വന്‍ പൗരനാണെന്നും അദ്ദേഹം പറഞ്ഞു.