ന്യൂദല്‍ഹി-രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ലാലു പ്രസാദ് യാദവിന്റെ മകനും രാഷ്ട്രീയ ജനതാ ദള്‍ നേതാവുമായ തേജസ്വി യാദവ്. രാഹുല്‍ ഗാന്ധി പ്രഥാനമന്ത്രി പദത്തിന് അനുയോജ്യനാണെന്നാണ് തേജസ്വി യാദവ് പറഞ്ഞത്.
'നല്ല പ്രധാനമന്ത്രിക്ക് വേണ്ട എല്ലാ യോഗ്യതകളും രാഹുല്‍ ഗാന്ധിക്കുണ്ട്. ബിജെപി അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോടികള്‍ ചെലവഴിച്ചു പരാജയപ്പെട്ടു,' തേജസ്വി യാദവ് പറഞ്ഞു.
പ്രധാനമന്ത്രി ആരാവുമെന്ന് ചോദിച്ചപ്പോള്‍ അത് തെരഞ്ഞെടുപ്പിന് ശേഷം മഹാസഖ്യം ഒന്നിച്ചാവും തീരുമാനിക്കുക എന്ന് തേജസ്വി യാദവ് പറഞ്ഞു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുലിന്റെ സാന്നിധ്യം നിര്‍ണായകമായെന്നും പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കിയെന്നും തേജസ്വി യാദവ് പറഞ്ഞു.
'രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ അധ്യക്ഷനാണ് അദ്ദേഹം. കോണ്‍ഗ്രസിന് ഇപ്പോഴും അഞ്ച് മുഖ്യമന്ത്രിമാരുണ്ട്,' അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ഇരുപാര്‍ട്ടികള്‍ക്കും പുറമേ,സമതാ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും സഖ്യത്തിലുണ്ട്.