കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കൊച്ചിയിലും തൃശ്ശൂരിലുമായി അദ്ദേഹം രണ്ടു പരിപാടികളില്‍ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്. മധുരയില്‍ നിന്നാണ് മോദിയുടെ വിമാനം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്.
രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ആദ്യം പ്രധാനമന്ത്രി കൊച്ചിന് റിഫൈനറിയിലെ പരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് കൊച്ചിന് റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം മൂന്ന് ഉദ്ഘാടനചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.
വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ഡല്‍ഹിക്ക് തിരിക്കും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി അടക്കമുള്ള ദേശീയനേതാക്കളുടെ സന്ദര്‍ശനത്തിലൂടെ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലഭിച്ച മേധാവിത്വം ശക്തമായി നിലനിര്‍ത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടര്‍ച്ചയായ സന്ദര്‍ശനം.