മനില- തെക്കന്‍ ഫിലിപ്പൈന്‍സിലെ ജോലോ ദ്വീപിലെ ഒരു ക്രിസ്ത്യന്‍ പളളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച്ച പ്രാര്‍ത്ഥനകള്‍ക്കിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തുടര്‍ച്ചയായി രണ്ട് പ്രാവശ്യമാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഫിലിപ്പൈന്‍സിലെ തീവ്രവാദി സംഘടനയായ അബുസയ്യാഫ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പൊലീസ് ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.