ന്യൂഡല്‍ഹി: രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കര്‍ണാടകയില്‍ ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ഓപറേഷന്‍ താമര തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനെ കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വം ശ്രമിക്കുകയാണ്. തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോയാല്‍ പത്തു പേര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് വരുമെന്നും ഖാര്‍ഗെ പറഞ്ഞു. മാത്രമല്ല എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
2008 ല്‍ ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയും ഇത്തരത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ചിട്ടുണ്ട്. ബി.ജെ.പി ഇത് വീണ്ടും ആവര്‍ത്തിക്കുകയാണ്. ചിലരെ പണം കൊടുത്തും ചിലരെ പദവികൊടുത്തും മറ്റു ചിലരെ ഭീഷണിപ്പെടുത്തിയുമാണ് ബി.ജെ.പി സ്വന്തം പാളയത്തിലേക്ക് ചേര്‍ക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. തങ്ങള്‍ക്കൊപ്പം ചേരുന്നതിന് കോണ്‍ഗ്രസ് എം.എല്‍.എക്ക് ബി.ജെ.പി 'സമ്മാനം' വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭരണം ലഭിക്കാത്തതില്‍ നിരാശയിലാണ് ബി.ജെ.പി. അടുത്ത മാസത്തിന് മുമ്പ് ഞങ്ങളെ താഴെയിറക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര തുകയാണ് വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു.