ഐസ്വാള്‍-ആളൊഴിഞ്ഞ വേദിയില്‍ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് പൊതുജനം കൂട്ടമായി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങ് ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഇതോടെയാണ് ഒഴിഞ്ഞ വേദിയില്‍ ഗവര്‍ണര്‍ കുമ്മനത്തിന് റിപ്പബ്ലിക് ദിന പ്രസംഗം നടത്തേണ്ടി വന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമടക്കം സംസ്ഥാനത്തെ വിവിധ സംഘടനകള്‍ സംയുക്തമായി പരിപാടി ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നടത്തുകയായിരുന്നു. മന്ത്രിമാര്‍ അടക്കമുളള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. റിപ്പബ്ലിക് ദിന പരേഡില്‍ ആറ് സൈനിക വിഭാഗങ്ങള്‍ ആണ് പങ്കെടുത്തത്. മിസോറാമിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗവര്‍ണര്‍ കുമ്മനം റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പറഞ്ഞു.